Site iconSite icon Janayugom Online

പങ്കാളിത്ത പുരസ്കാരം കോടതിയിൽ

കോൺട്രിബ്യൂട്ടറി പെൻഷൻ അല്ലെങ്കിൽ പങ്കാളിത്ത പെൻഷൻ എന്ന പ്രയോഗം സർവസാധാരണമായിട്ട് അധികകാലമായിട്ടില്ല. അതിനും വളരെ മുമ്പുതന്നെ ഈ സമ്പ്രദായം പുസ്തകപ്രസാധന രംഗത്ത് നടപ്പിലാക്കപ്പെട്ടിരുന്നു. പ്രമുഖ പ്രസാധകർ സന്ദർഭം നല്‍കുന്നില്ലെന്ന അവസ്ഥ നിലനിന്നകാലത്താണ് ഒരു പ്രതിരോധ പ്രവർത്തനം എന്ന നിലയിൽ ചെറുപ്രസാധകർ ഉദയം ചെയ്തത്. ആദ്യമൊക്കെ ഇവരുടെ പ്രവർത്തനം ആശ്വാസപ്രദവും മാതൃകാപരവും ആയിരുന്നു. പിന്നീട് പല പ്രസാധകരും എഴുത്തുകാരുടെ ചോരയൂറ്റിക്കുടിക്കുന്ന കൊതുകും മൂട്ടയുമായി. വലിയ രീതിയിലുള്ള വിശ്വാസവഞ്ചന ഈ രംഗത്തുണ്ടായി. കവിയശഃപ്രാർത്ഥികളായ പാവങ്ങളിൽ നിന്നും ഈ മൂട്ടകൾ വലിയ തോതിൽ പണം ഇടാക്കിത്തുടങ്ങി. കരാറൊന്നും ഇല്ലാതെതന്നെ ആയിരവും രണ്ടായിരവും കോപ്പികളുടെ വില ഈടാക്കുകയും കുറച്ചുകോപ്പികൾ മാത്രം അച്ചടിച്ച് ഇരകളെത്തന്നെ മടക്കിയേല്പിച്ച് സംതൃപ്തരാക്കുകയും ചെയ്തു. അങ്ങനെയാണ് പങ്കാളിത്ത പ്രസാധനം രൂപപ്പെട്ടത്.
നന്മയുടെ ചെറുമധുരമെങ്കിലും ആദ്യകാലത്ത് ഈ പ്രവർത്തനങ്ങൾക്ക് ഉണ്ടായിരുന്നു. ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പങ്കാളിത്ത പുരസ്കാരം. കുഞ്ചൻ നമ്പ്യാർ മുതൽ കൊങ്ങാണ്ടൂർ വരെയുള്ളവരുടെ പേരിൽ പുരസ്കാരം പ്രഖ്യാപിക്കും. 

അവാർഡ് തുക മുതൽ അനുമോദനസമ്മേളനം സംഘടിപ്പിക്കുന്ന ചെലവുവരെ അവാർഡിതരാകുന്ന എഴുത്തുകാർ നൽകേണ്ടതുണ്ട്. ആരുടെ പേരിലുള്ള അവാർഡാണ് വേണ്ടതെന്നുപോലും എഴുത്തുകാർക്ക് നിശ്ചയിക്കാം. റേറ്റ് വ്യത്യാസം ഉണ്ടാകുമെന്നുമാത്രം. പ്രശസ്തിപ്പലകയും സാക്ഷ്യപത്രവും കൂടാതെ പൊന്നാട വേണമെങ്കിൽ അതിനുള്ള ചെലവ് പ്രത്യേകമായും നൽകേണ്ടതാണ്. അവാർഡ് തുക മിക്കവാറും കട്ടിക്കവറിൽ അടക്കം ചെയ്ത ശൂന്യാകാശമോ ഭാഗ്യക്കുറി ടിക്കറ്റോ ആയിരിക്കും. മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് പന്ന്യൻ രവീന്ദ്രനാണ് വിശിഷ്ടാതിഥിയായി വരുന്നതെങ്കിൽ അവാർഡ് കവർ അദ്ദേഹം പരസ്യമായി പൊട്ടിച്ചു നോക്കുകയും ജനങ്ങളെ സാക്ഷിനിർത്തി സമ്മാനിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. അവാർഡ് തട്ടിപ്പുകളെക്കുറിച്ചുള്ള പല പരാതികളും ലഭിച്ചതുകൊണ്ടാകാം ഇങ്ങനെയൊരു രീതി സ്വീകരിച്ചത്. പങ്കാളിത്ത പുരസ്കാരരീതി ആരംഭിച്ചത് ഒരു പ്രവാസി കവിയിൽ നിന്നാണ്. ദീർഘകാലം ദൂരദേശത്ത് ജോലിചെയ്ത അദ്ദേഹം പെൻഷൻ പറ്റിയപ്പോൾ ഒരാഗ്രഹം അറിയിച്ചു. പെൻഷൻ ആനുകൂല്യമായി കിട്ടുന്ന വലിയ തുക ഒരു ചടങ്ങ് നടത്തി അവാർഡായി കിട്ടണം. എല്ലാ ചെലവുകളും ഈ തുകയിൽ നിന്ന് കണ്ടെത്താം. സമ്മേളനം ഗംഭീരമായി നടന്നു. പെൻഷൻ ആനുകൂല്യം അവാർഡ് തുകയായി നൽകുകയും ചെയ്തു. ഒരു ഇന്ത്യൻ ദേവതയുടെ പേരിലുള്ള ആ പുരസ്കാരം അതിനുശേഷം മറ്റാർക്കും ലഭിച്ചിട്ടുമില്ല. പങ്കാളിത്ത പുരസ്കാരം കോടതി കയറിയത് കൊല്ലത്താണ്. 

കൊല്ലം പശ്ചാത്തലമാക്കിത്തന്നെ കവിതക്കേസ് എന്ന പ്രസിദ്ധമായ ഒരു കൃതി, അഭിഭാഷകൻ കൂടിയായിരുന്ന ഫലിത സാഹിത്യകാരൻ ഇ വി കൃഷ്ണപിള്ള രചിച്ചിട്ടുണ്ടല്ലോ. എഴുതിയ കവിതകൾ ആളുകളെ ബലമായി വായിച്ചു കേൾപ്പിക്കുന്ന ഒരു കവി. അയാളെ പേടിച്ച് ആളുകൾ മറ്റുവഴികൾ തേടിപ്പോയി. ഭാര്യയാണെങ്കിൽ കവിതയെല്ലാം കൂട്ടിയിട്ടുകത്തിച്ചു. കവിക്ക് എല്ലാം മനഃപാഠം ആയിരുന്നതിനാൽ കവിത അക്ഷരങ്ങളിൽ പുനർജനിച്ചു. ഭാര്യ വിവാഹമോചനത്തിന് കേസ് കൊടുത്തു. കോടതിയിൽ നടക്കുന്ന രസകരമായ വിചാരണയും ജഡ്ജിയുടെ വിചിത്രമായ വിധിയുമൊക്കെയായിരുന്നു ആ കൃതിയിൽ ഉണ്ടായിരുന്നത്. ഇപ്പോഴത്തെ കേസ് പുനലൂരിൽ നിന്നും ആരംഭിച്ചതാണ്. 25,000 രൂപയും കീർത്തിഫലകവും സർട്ടിഫിക്കറ്റും വാഗ്ദാനം ചെയ്ത ആ അവാര്‍ഡിനുവേണ്ടി, കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളജിലെ ആദരണീയനായ പ്രൊഫസറും കവിയും വിവർത്തകനും പരിസ്ഥിതി പ്രവർത്തകനും പൗരപ്രമുഖനുമായ വെള്ളിമൺ നെൽസൺ കവിത അയയ്ക്കുന്നു. ഭാരവാഹികൾ പല ആവശ്യങ്ങൾ പറഞ്ഞ് അദ്ദേഹത്തിൽ നിന്നും പണം കൈപ്പറ്റുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയാണ് മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്നത്. അദ്ദേഹത്തിന്റെ അസൗകര്യം മൂലം അവാർഡ് ദാനം നടന്നില്ല. ക്ഷണിക്കപ്പെട്ടവർക്കെല്ലാം കോഴിബിരിയാണി നൽകണമെന്ന ആവശ്യവും ഉണ്ടായിരുന്നു. ഇതിൽ ദുഃഖിതനായാണ് നെൽസൺ മാഷ് കോടതിയെ സമീപിച്ചത്.
പ്രതിഭാഗത്തിനുവേണ്ടി അഡ്വ. ഡി സുരേഷ് കുമാര്‍ ഹാജരായി. കവിതക്കേസിനെ ഓർമ്മിപ്പിക്കുന്ന വിചാരണയ്ക്ക് ശേഷം കവിയുടെ ഹർജി തള്ളിക്കൊണ്ട് കോടതി ഉത്തരവായി. മേൽക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ കവി. പങ്കാളിത്ത പുരസ്കാരം കളം നിറഞ്ഞാടുന്ന കേരളത്തിൽ ഇത്തരം കവിതക്കേസുകൾ ഇനിയും പ്രതീക്ഷിക്കാവുന്നതാണ്. 

Exit mobile version