Site icon Janayugom Online

അഡാനി കമ്പനികളില്‍ പങ്കാളിത്തം; രണ്ടു വിദേശ കമ്പനികള്‍ നിരീക്ഷണത്തില്‍

അഡാനി ഗ്രൂപ്പ് കമ്പനികളില്‍ പങ്കാളിത്തമുള്ള രണ്ട് വിദേശ കമ്പനികളുടെ പ്രവര്‍ത്തനം നികുതി വകുപ്പ് ഏജന്‍സികളുടെ നിരീക്ഷണത്തില്‍. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുള്ള മൗറിഷ്യസ് കമ്പനികളുടെ ക്രയവിക്രയമാണ് നികുതി വകുപ്പ് നിരീക്ഷിക്കുന്നത്. മാവി ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ലിമിറ്റഡ് (ഇപ്പോള്‍ എപിഎംഎസ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ലിമിറ്റഡ്), ലോട്ടസ് ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് നിരീക്ഷണ വലയത്തിലുള്ളത്.
2012ല്‍ മൗറിഷ്യസ് റവന്യൂ അതോറിറ്റി മാവി ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ ക്രയവിക്രയം സംബന്ധിച്ച രേഖകള്‍ ഇന്ത്യന്‍ നികുതി വകുപ്പുമായി പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ട് കത്തു നല്കിയിരുന്നു. കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖ സമര്‍പ്പിക്കാനുള്ള നിര്‍ദേശം ഇതുവരെ മാവി പാലിച്ചില്ലെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

ലോട്ടസ് കമ്പനിക്ക് 2014ലാണ് എംആര്‍എ ഇതു സംബന്ധിച്ച് കത്ത് നല്കിയത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അഞ്ച് അഡാനി ഗ്രൂപ്പ് കമ്പനികളില്‍ നിക്ഷേപമുള്ള അഞ്ച് മൗറിഷ്യസ് കമ്പനികളുടെ പേര് വെളിപ്പെടുത്തിയിരുന്നു. എപിഎംഎസ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ലിമിറ്റഡ്, അല്‍ബുല ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, ക്രെസ്റ്റാ ഫണ്ട്, എല്‍ടിഎസ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, ലോട്ടസ് ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് എന്നീ കമ്പനികളുടെ വിവരമാണ് ഹിന്‍ഡന്‍ബര്‍ഗ് പുറത്ത് വിട്ടത്. ഈ കമ്പനികളുടെ ഫണ്ട് കൈകാര്യം ചെയ്യുന്നത് ആരോപണ നിഴലിലുളള മോണ്ടിറോസ ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിങ്സ് എന്ന സ്ഥാപനമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

ഈ കമ്പനികളുടെ നിക്ഷേപം അഡാനി ഗ്രൂപ്പ് സ്ഥാപനങ്ങളിലാണെങ്കിലും വിവരങ്ങള്‍ രഹസ്യമായി തുടരുന്നതായും പറയുന്നു. 2012ല്‍ മാവി കമ്പനിയുടെ ഉടമസ്ഥാവാകാശം, ബാങ്ക് ഇടപാട് എന്നിവയുടെ 2007 മുതല്‍ 2010 വരെയുളള രേഖകള്‍ സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഡെല്‍ഫി ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ മാവി നടത്തിയ നിക്ഷേപവും ദുരൂഹമായി തുടരുകയാണ്. 2ജി ഇടപാടില്‍ ആരോപണ നിഴലിലായ എത്തിസലാത് ഡിബി ടെലികോം പ്രൈവറ്റ് കമ്പനിയുമായി ഡെല്‍ഫി കമ്പനിയുടെ സാമ്പത്തിക ഇടപാടും രഹസ്യമായി തുടരുകയാണെന്ന് എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Eng­lish Summary;Participation in Adani Com­pa­nies; Two for­eign com­pa­nies are under surveillance
You may also like this video

Exit mobile version