അഞ്ചു ദിവസമായി നടന്നുവരുന്ന സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് സമാപനമാകും. ലക്ഷം പേരുടെ റാലിയോടെ 14ന് ആരംഭിച്ച പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ണായക രാഷ്ട്രീയ തീരുമാനങ്ങളും പോരാട്ട പ്രഖ്യാപനങ്ങളുമായാണ് സമാപിക്കുന്നത്. ഇന്നലെ ഉച്ചയോടെ പൊതുചര്‍ച്ച പൂര്‍ത്തിയാക്കി. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി ഡി രാജ അവതരിപ്പിച്ച കരടു രാഷ്ട്രീയ പ്രമേയം, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ. ബാല്‍ ചന്ദ്ര കാംഗോ അവതരിപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട്, അതുല്‍ കുമാര്‍ അഞ്ജാന്‍ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ട്, പാര്‍ട്ടി പരിപാടി, ഭരണഘടന എന്നിവ സംബന്ധിച്ച് പ്രതിനിധികള്‍ നാലു കമ്മിഷനുകളായി തിരിഞ്ഞ് ഇന്നലെ സമഗ്രമായ ചര്‍ച്ച നടത്തി.
രാഷ്ട്രീയ പ്രമേയത്തിന്റെ കമ്മിഷന്‍ ചര്‍ച്ചക്ക് ഡി രാജ, അമര്‍ജീത് കൗര്‍, സാംബശിവ റാവു, രാം നരേഷ് പാണ്ഡെ, സംഘടനാ റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയ്ക്ക് അതുല്‍ കുമാര്‍ അഞ്ജാന്‍, നാഗേന്ദ്രനാഥ് ഓഝ, സ്വപന്‍ ബാനര്‍ജി, സത്യന്‍ മൊകേരി, ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ നേതൃത്വം നല്കി. രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിന്റെ ചര്‍ച്ച ഡോ. ബാല്‍ ചന്ദ്ര കാംഗോ, ആനി രാജ, ബന്ത് സിങ് ബ്രാര്‍ എന്നിവരാണ് നയിച്ചത്. പാര്‍ട്ടി പരിപാടി, ഭരണഘടന കമ്മിഷന്‍ ചര്‍ച്ചകള്‍ക്ക് പല്ലബ് സെന്‍ ഗുപ്ത, കാനം രാജേന്ദ്രന്‍, അഡ്വ. കെ പ്രകാശ് ബാബു, അനില്‍ രജിംവാലെ, അപരാജിത രാജ, സി മഹേന്ദ്രന്‍, സമര്‍ ഭണ്ഡാരി എന്നിവര്‍ നേതൃത്വം നല്‍കി. ക്രഡന്‍ഷ്യല്‍ കമ്മിറ്റി റിപ്പോര്‍ട്ട്, വരവ് ചെലവ് ഓഡിറ്റ് റിപ്പോര്‍ട്ട് എന്നിവ അവതരിപ്പിച്ചു. ഇന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടുകളുടെ അംഗീകാരത്തിനു ശേഷം ദേശീയ കൗണ്‍സില്‍, എക്സിക്യൂട്ടീവ്, സെക്രട്ടേറിയറ്റ്, ജനറല്‍ സെക്രട്ടറി എന്നിവയുടെ തെരഞ്ഞെടുപ്പുകളോടെ പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനമാകും.
English Summary: Party Congress concludes today
You may also like this video