Site iconSite icon Janayugom Online

ട്രെയിനില്‍ യാത്രക്കാരെ തീകൊളുത്തി; ഒമ്പത് പേര്‍ക്ക് പൊള്ളലേറ്റു

ഓടിക്കൊണ്ടിരിക്കെ ട്രെയിനില്‍ യാത്രക്കാരെ ഇന്ധനം ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. തീപിടിത്തത്തില്‍ ഒമ്പത് പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും ബേബി മെമ്മോറിയല്‍ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

രാത്രി പത്തുമണിക്കുശേഷം ആലപ്പുഴ‑കണ്ണൂര്‍ എക്‌സ്പ്രസിലാണ് സംഭവം. എലത്തൂര്‍ പാലത്തില്‍ വച്ച് യാത്രക്കാരിലൊരാള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. ഈ സമയം അക്രമിയെന്ന് സംശയിക്കുന്ന ഒരാള്‍ പുറത്തേക്ക് ചാടിയിറങ്ങി ഓടിയതായി സഹയാത്രികര്‍ പറഞ്ഞു.

ട്രെയിനിന്റെ ഡി-1 കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്തിരുന്നവരുടെ ദേഹത്തേക്ക് ക്വാറിഡോറിലൂടെ വന്ന ഒരാള്‍ പെട്ടെന്ന് കയ്യില്‍ രണ്ട് ബോട്ടിലുകളിലായി കരുതിയ പെട്രോള്‍ തെളിച്ചു. ഉടന്‍ തീ കൊളുത്തുകയും ചെയ്തു. ഇയാള്‍ നേരത്തേ ആ കമ്പാര്‍ട്ടുമെന്ററില്‍ ഉണ്ടായിരുന്ന ആളല്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ആരുമായും തര്‍ക്കമുണ്ടായിട്ടില്ല. മറ്റ് അസ്വഭാവിക സംഭവങ്ങളും ഇതിനുമുമ്പ് ഉണ്ടായില്ല. അതുകൊണ്ടുതന്നെ യാത്രക്കാര്‍ അക്രമം പ്രതീക്ഷിച്ചിരുന്നില്ല.

കമ്പാര്‍ട്ടുമെന്റില്‍ നിന്ന് നിലവിളിയും തീയും പുകയും കണ്ടാണ് യാത്രക്കാര്‍ ചങ്ങല വലിച്ചത്. പാലത്തില്‍ തന്നെ ട്രെയിന്‍ നിര്‍ത്തിയതോടെ പലരും പുറത്തേക്ക് ചാടുമോ എന്ന് ആശങ്കപ്പെട്ടിരുന്നു. മറ്റു യാത്രക്കാര്‍ തന്നെയാണ് പൊള്ളലേറ്റവരെ ആശുപത്രികളിലേക്ക് മാറ്റാന്‍ സഹായിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഞ്ച് പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. തളിപ്പറമ്പ് സ്വദേശി റൂബി, പ്രകാശന്‍, ജ്യോതീന്ദ്രനാഥ്, അശ്വതി, തൃശൂര്‍ സ്വദേശി പ്രിന്‍സ്, കണ്ണൂര്‍ കതിരൂര്‍ സ്വദേശി അനില്‍കുമാര്‍, ഭാര്യ സജിഷ, മകന്‍ അദ്വൈത്, റാസിക് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. കാലിന് പൊള്ളലേറ്റ് കൊയിലാണ്ടി ആശുപത്രിയിലലാണ് ആഷിക് ചികിത്സയിലുള്ളത്. ഇയാളോടൊപ്പം യാത്ര ചെയ്തിരുന്ന സഹോദരിയെയും അവരുടെ മകളെയും കാണാതായെന്ന വിവരം റാസിക് പൊലീസിനെ അറിയിച്ചിട്ടുണ്ട്. പാപ്പിനിശേരി റഹ്മത്തിനെയും ഒരു വയസുള്ള മകളെയുമാണ് കാണാതായിരിക്കുന്നത്. റാസിക് മട്ടന്നൂര്‍ സ്വദേശിയാണെന്നാണ് വിവരം. ഇടതുകാലിന്റെ പാദത്തിലാണ് ഇയാള്‍ക്ക് പരിക്ക്.

ഇവര്‍ക്കുപുറമെ, നേരിയ തോതില്‍ മുടിയിലും വസ്ത്രങ്ങളിലും തീപിടിച്ചവരും ഉണ്ട്. ഇക്കൂട്ടത്തില്‍പ്പെട്ട ലതീഷ് എന്നയാളാണ് അക്രമത്തെക്കുറിച്ച് മെഡിക്കല്‍ കോളജില്‍വച്ച് മാധ്യമങ്ങളോട് കൃത്യമായ വിവരം നല്‍കിയത്. നേരത്തെ വ്യത്യസ്ഥ രീതിയിലാണ് വിവരങ്ങള്‍ പ്രചരിച്ചത്. യാത്രക്കാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമം എന്നും കുടുംബത്തെ കൊലപ്പെടുത്താനാണ് ശ്രമിച്ചതെന്നും വാര്‍ത്തകള്‍ പരന്നിരുന്നു.

അക്രമിയെ കണ്ടെത്താന്‍ പൊലീസ് പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്. കോഴിക്കോട് കമ്മിഷണര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. അതിനിടെ ട്രെയിന്‍ രാത്രി 11.40ഓടെ കണ്ണൂരിലെത്തി.

 

Eng­lish Sam­mury: Pas­sen­gers set on fire in train; Nine peo­ple suf­fered burns

Exit mobile version