Site icon Janayugom Online

വാഹനങ്ങളിൽ സൺഫിലിം ഒട്ടിക്കല്‍; മോട്ടോർ വാഹനവകുപ്പിലും ആശയക്കുഴപ്പം

വാഹനങ്ങളിൽ സൺഫിലിം ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ആശയകുഴപ്പത്തിലായി മോട്ടോർ വാഹനവകുപ്പ്. 2012ലാണ് വാഹനങ്ങളുടെ ഗ്ലാസിൽ ഒരു തരത്തിലുളള ഫിലിമുകളും ഒട്ടിക്കരുതെന്ന് നിയമം വരുന്നത്. കറുത്ത ഫിലിം ഒട്ടിച്ച വാഹനങ്ങൾ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് കാണിച്ച് അഭിഷേക് ഗോയങ്ക എന്നയാൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്ന് വാഹനങ്ങളിൽ ഫിലിം ഒട്ടിക്കുന്നത് പൂർണ്ണമായും നിർത്തലാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തും അന്ന് പരിശോധനകൾ ശക്തമാക്കിയിരുന്നു.

സൺഫിലിം ഒട്ടിച്ച വാഹനങ്ങളെ പിടികൂടി പിഴചുമത്തുകയും ഫിലിം നീക്കം ചെയ്യിക്കുന്ന നടപടികളും മോട്ടോർ വാഹന വകുപ്പ് അന്ന് സ്വീകരിച്ചിരുന്നു. പിന്നീട് പരിശോധനകൾ പതിയെ നിലയ്ക്കുകയായിരുന്നു. വാഹനങ്ങളുടെ മുൻപിൻ സേഫ്റ്റി ഗ്ലാസ്സുകളിൽ കുറഞ്ഞത് 70 ശതമാനവും വശങ്ങളിൽ 50 ശതമാനവും സുതാര്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്ര മോട്ടോർ വാഹനചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂളിംഗ് ഫിലിം, റ്റിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസ്സുകളിൽ ഒട്ടിക്കരുത് എന്ന കോടതി വിധിയും നിലവിലുണ്ട്. ഇത് സംബന്ധിച്ച് നിലവിലെ നിയമം ദുർവ്യാഖ്യാനം ചെയ്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഗ്ലെയിസിംഗ് പ്ലാസ്റ്റിക് ഒട്ടിക്കുന്നത് സംബന്ധിച്ച് ആവശ്യമെങ്കിൽ നിയമോപദേശം തേടുമെന്നുമാണ് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത്.

അതേസമയം വാഹനങ്ങളിൽ സൺഫിലിം ഉപയോഗിക്കാൻ നിയമം അനുവദിക്കാത്തതിനാൽ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ഗതാഗതമന്ത്രി നിർദേശം നൽകിയെങ്കിലും ജില്ലകളിൽ ഇതിനായി പ്രത്യേക പരിശോധനകളോ നടപടികളോ ആരംഭിച്ചിട്ടില്ലെന്നാണ് ജില്ലാ മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നത്. കൂളിംങ്ങ് ഫിലിം ഒട്ടിച്ച വാഹനങ്ങളെ പിടികൂടി പിഴയീടാക്കാനോ പ്രത്യേക പദ്ധതി രൂപീകരിക്കാനോ പരിശോധന നടത്താനോ തങ്ങൾക്ക് നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു.

നിലവിൽ മറ്റു നിയമന ലംഘനങ്ങൾക്കൊപ്പം സൺഫിലിം ഉപയോഗവും ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നിലപാട്. മന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ വകുപ്പ് തലത്തിലേക്ക് കർശനമായ പരിശോധനാ നിർദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് വിവരം. അതേസമയം ബിഐഎസ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്ന ഗ്ലേസിംഗ് ഗ്ലാസുകൾ വാഹനങ്ങളിൽ ഉപയോഗിക്കാമെന്ന് കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ പുറത്തിറക്കിയ ഭേദഗതിയിലെ നിർദ്ദേശമാണ് വിഷയത്തിൽ ആശയകുഴപ്പം സൃഷ്ടിച്ചത്. ജില്ലയിൽ ഇതുവരെ ഇത്തരം കേസിൽ പിഴകൾ ഈടാക്കി തുടങ്ങിയിട്ടില്ല. വരും നാളിൽ പരിശോധന നടത്തുമെന്ന കാര്യത്തിലും വ്യക്തമായ മറുപടി നൽകാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല.

Eng­lish summary;Pasting sun­film on vehi­cles; Con­fu­sion in the motor vehi­cle depart­ment as well

You may also like this video;

Exit mobile version