Site icon Janayugom Online

വന്ധ്യതാ ചികിത്സാ രംഗത്ത് പത്തനംതിട്ട ഗവ. ആയുർവേദ ഡിസ്പെൻസറിയും

hospital pta

പത്തനംതിട്ട ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ ആരംഭിക്കുന്ന ഇൻഫെർട്ടിലിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് ഇന്ന് രണ്ടിന് നിർവ്വഹിക്കും.പത്ത് ലക്ഷം രൂപയാണ് ക്ലിനിക്കിന്റെ പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചിരിക്കുന്നത്. ഡിസ്പെൻസറിയിലെ ഡോ. വഹീദ റഹ്മാന്റെ 15 വർഷത്തിലേറെയുള്ള ഈ രംഗത്തെ അനുഭവസമ്പത്ത് കൂടി പ്രയോജനപ്പെടുത്തിയാണ് ഇൻഫെർട്ടിലിറ്റി ക്ലിനിക്ക് സജ്ജമാക്കിയിരിക്കുന്നത്. വന്ധ്യതക്ക് നിലവിലുള്ള ചികിത്സാരീതികൾ വളരെയേറെ ചെലവേറിയതും പലപ്പോഴും ഫലം ലഭിക്കാത്തതുമാണ്.
കൃത്രിമ മാർഗങ്ങൾ അവലംബിക്കേണ്ടി വരാത്തവരെ സംബന്ധിച്ചിടത്തോളം ആയുർവേദ ചികിത്സയിലൂടെ വളരെ ആശാവഹമായ ഫലം ലഭ്യമാക്കാൻ കഴിയുന്നു.

വന്ധ്യതയ്ക്കുള്ള മിക്ക കാരണങ്ങൾക്കും ആയുർവേദത്തിൽ വ്യക്തമായ ചികിത്സയുണ്ട്. വന്ധ്യതക്ക് കാരണമാവുന്ന ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കുന്നതിനും ആയുർവേദത്തിൽ മാർഗങ്ങളുണ്ട്. ഇതെല്ലാം കോർത്തിണക്കി 15 വർഷത്തെ അനുഭവങ്ങളിൽ നിന്നുമാണ് ഈ ഇൻഫെർട്ടിലിറ്റി ക്ലിനിക്ക് സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിലെ ഇപ്പോഴുള്ള കണക്കനുസരിച്ച് വലിയൊരു ശതമാനം ദമ്പതികൾ പലതരം വന്ധ്യതയോ അനുബന്ധ അവസ്ഥ മൂലമോ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. മാനസിക പിരിമുറുക്കം ഒരു പ്രത്യേക കാരണമായി രണ്ടുപേരിലും കണ്ടുവരുന്നു. വർധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളും വന്ധ്യതയുടെ നിരക്ക് വർദ്ധിപ്പിക്കുന്നു. ദമ്പതികളിലെ രണ്ടു പേരെയും പ്രത്യേകം പരിശോധിച്ച് കൗൺസിലിംഗ് നടത്തി ചികിത്സ നിശ്ചയിക്കുകയാണ് ആയുർവേദത്തിൽ ചെയ്യുന്നത്.
യഥാർത്ഥ കാരണം കണ്ടെത്തിക്കഴിഞ്ഞാണ് ആയുർവേദ ചികിത്സ നടത്തുന്നത്. ഈ ഇൻഫെർട്ടിലിറ്റി ക്ലിനിക്ക് യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രദേശത്തുള്ളവർക്ക് വലിയ ആശ്വാസമാകുമെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry: Pathanamthit­ta Govt. And Ayurve­da Dispensary

You may like this video also

Exit mobile version