Site iconSite icon Janayugom Online

ആറര പതിറ്റാണ്ടിന് ശേഷം പട്ടയം; മനം നിറഞ്ഞ് 135 കുടുംബങ്ങൾ

pattayampattayam

65 വർഷങ്ങൾക്ക് ശേഷം സ്വന്തം ഭൂമിയുടെ പട്ടയം കയ്യിലെത്തിയതിന്റെ സന്തോഷത്തിലാണ് മൊറാഴ വില്ലേജിലെ 135 കുടുംബങ്ങൾ. വർഷങ്ങളായുള്ള കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ പോലും ഭൂമിക്ക് വായ്പ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാതെ പ്രയാസങ്ങൾ അനുഭവിച്ചവരാണിവർ. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങളൊന്നും തന്നെ സാധ്യമായിരുന്നില്ല. സർക്കാരിന്റെ പ്രത്യേക ഇടപെടലിലൂടെ വർഷങ്ങൾക്ക് ശേഷം ആധികാരിക രേഖകളോടെ പട്ടയം അനുവദിച്ചതിന്റെ സന്തോഷത്തിലാണ് ഈ കുടുംബങ്ങൾ. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ആശയത്തിലൂന്നി ഈ സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുന്നത്.

ആറര പതിറ്റാണ്ടുകൾക്ക് മുമ്പാണ് താൽക്കാലിക പട്ടയമായി മൊറാഴ വില്ലേജിലെ 28 കുടുംബങ്ങൾക്കും ഓരോ ഏക്കർ വീതം 28 ഏക്കർ ഭൂമി ലഭിച്ചത്. ഈ ഭൂമി പിന്നീട് വസ്തു കൈമാറ്റത്തിലൂടെയും അനന്തരാവകാശ കൈമാറ്റത്തിലൂടെയും 135 കുടുംബങ്ങളിലേക്ക് എത്തിയിരുന്നു. ഭൂമിക്ക് കരമടച്ചിരുന്നുവെങ്കിലും ആധികാരിക രേഖകളൊന്നും തന്നെ ഇവരുടെ കൈവശമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഭൂമിയുടെ ക്രയവിക്രയത്തിനും ഇവർക്ക് സാധ്യമായിരുന്നില്ല. 

1958 ല്‍ താൽക്കാലിക പട്ടയം നല്‍കിയ സമയത്ത് മൊറാഴ വില്ലേജ് ഉള്‍പ്പെട്ട ആന്തൂര്‍ പ്രദേശം പഞ്ചായത്തായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ആന്തൂര്‍ നഗരസഭയായി മാറിയപ്പോള്‍ മുന്‍സിപ്പല്‍ ഭൂപതിവ് ചട്ടം ബാധകമായി. ഭൂപതിവ് ചട്ടപ്രകാരം ഒരാള്‍ക്ക് പതിച്ചു കൊടുക്കാന്‍ കഴിയുന്ന പരമാവധി ഭൂമി 10 സെന്റ് ആയത് കൊണ്ട് ഇവര്‍ക്ക് പട്ടയം അനുവദിച്ചു നല്‍കുന്നതിൽ തടസ്സം നേരിട്ടു. ഈ 135 ആളുകളില്‍ ഭൂരിഭാഗം ആളുകളും 10 സെന്റില്‍ കൂടുതല്‍ ഭൂമി കൈവശം വെച്ച് പോന്നിരുന്നവരാണ്. ഭൂമിക്ക് വായ്പയുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്തതിനെ തുടർന്നാണ് വിഷയം സർക്കാരിന് മുന്നിലെത്തിയത്. ഇതേ തുടർന്ന് മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രി കെ രാജന്റെയും എം വി ഗോവിന്ദൻ എം എൽ എ യുടെയും പ്രത്യേക ഇടപെടലിലൂടെ 135 കുടുംബങ്ങൾക്ക് ആധികാരിക രേഖകളോടെ പട്ടയം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് വന്നത്. 

Eng­lish Sum­ma­ry: Title deed dis­trib­uted to families

You may also like this video

Exit mobile version