Site iconSite icon Janayugom Online

പുറമ്പോക്ക് ജീവിതത്തിന് വിരാമം; ഭൂമിയുടെ അവകാശിയായി പിച്ചമ്മാള്‍

‘വെളിയൂർ ആളായിരുന്തിട്ടും എങ്കെ കുടുംബത്തിക്ക് പട്ട കിടൈത്തതിൽ നൺറി സൊൽറേൻ. ഇന്ത അരസാങ്കത്തെ കടവുൾ മാതിരി പാക്കറേൻ’ നീണ്ട അൻമ്പതു വർഷത്തെ പുറമ്പോക്ക് ജീവിതത്തിന് വിരാമമിട്ട് ഭൂമിയുടെ അവകാശിയായി മാറുന്ന നിമിഷത്തിൽ തമിഴ്‌നാട്ടുകാരി പിച്ചമ്മാള്‍ വിതുമ്പി’ ഒരിക്കലും സഫലമാകില്ലെന്ന് കരുതിയ സ്വപ്നം പൂവണിഞ്ഞപ്പോൾ സംസ്ഥാന സർക്കാരിനെ ഹൃദയത്തിൽ ചേർത്തുവെച്ചവർ പറഞ്ഞു സാർ ഇന്ത അരസാങ്കം എനക്ക് കടവുൾ മാതിരി. 

മലപ്പുറം കലക്ട്രേറ്റ് ഹാളിൽ സ്വാതന്ത്ര്യ ദിനം സാക്ഷിയായത് വൈകാരികമായ മുഹർത്തത്തിനായിരുന്നു. തമിഴ്‌നാട് കള്ളക്കുറിച്ചി സ്വദേശിയായ പിച്ചമ്മാൾ 50 ലേറെ വർഷമായി മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും പഴയ സാധനങ്ങൾ പെറുക്കി ജീവിക്കുന്നു. അമ്മ മേരിയും എട്ടു വയസും എട്ടു മാസവും പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്നതാണ് പിച്ചമ്മാളുടെ കുടുംബം. രണ്ടാമത്തെ കുഞ്ഞിന് 15 ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് ഭർത്താവ് കുടുംബത്തെ ഉപേക്ഷിച്ച് പോയത്. പാഴ് വസ്തുക്കൾ പെറുക്കി ഉപജീവനം കണ്ടെത്തുന്ന പിച്ചമ്മാളിനും കുടുംബത്തിനും പട്ടയത്തോടൊപ്പം വീടും ചികിത്സാ സഹായവും താമസിക്കുന്ന വീടിന്റെ വാടകയും ഉറപ്പു വരുത്തുമെന്ന് റവന്യു മന്ത്രി കെ രാജന്‍ ഉറപ്പ് നൽകി. 

മലപ്പുറം ജില്ല കലക്ടറുടെ ചേംബറിൽ പിച്ചമ്മാളിനെയും കുടുംബത്തെയും വിളിച്ചു വരുത്തുകയും ഉദ്യോഗസ്ഥ തലത്തിൽ നടപടികൾ വേഗത്തിലാക്കാനുള്ള നിര്‍ദേശം നൽകുകയും ചെയ്തു. മന്ത്രിയുടെ ആശ്വാസ വാക്കുകളിൽ നിറ കണ്ണുകളോടെയാണ് പിച്ചമ്മാളും കുടുംബവും കലക്ടറേറ്റിൽ നിന്നും മടങ്ങിയത്. ഭൂമി ലഭിക്കാനായി അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായെന്ന് പിച്ചമ്മാളുടെ അമ്മ മേരി പറയുന്നു. പുറമ്പോക്കിൽ ഷെഡ് കെട്ടിയായിരുന്നു താമസം. അടച്ചുറപ്പില്ലാത്ത വീടായതിനാൽ സുരക്ഷയെ കരുതി മഞ്ചേരി ടൗൺഹാളിനടുത്ത് ഒറ്റമുറി വാടക വീടെടുത്തു. 4000 രൂപയാണ് മാസ വാടക. കിട്ടുന്ന തുച്ഛമായ പൈസ വാടകയ്ക്ക് തികയില്ല. എട്ടുവയസായ കുഞ്ഞിന് മഞ്ഞപ്പിത്തത്തെ തുടർന്നുള്ള അണുബാധയുള്ളതിനാൽ ആഴ്ചയിൽ ഡോക്ടറെ കാണണം. ഇതിനുള്ള പൈസ കണ്ടെത്താനും പിച്ചമ്മാളിന് കഴിഞ്ഞിരുന്നില്ല. പ്രതിരോധ ശേഷി കുറവായതിനാൽ എപ്പോഴും ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ട സാഹചര്യവുമുണ്ട്. അമ്മ മേരിയും അസുഖ ബാധിതയാണ്. സുമനസ്സുള്ള നാട്ടുകാർ മിക്കപ്പോഴും സഹായിക്കാറുണ്ടെന്ന് പിച്ചമ്മാൾ പറഞ്ഞു.
അതിദരിദ്രർക്കുള്ള പട്ടയം വിതരണം നിര്‍വഹിച്ച മന്ത്രി കെ രാജന്റെ കൈകൾ പിടിച്ച് പറഞ്ഞ വാങ്ങുകൾ കേട്ട് കണ്ടു നിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു. മെല്ലെ ആ കണ്ണീർ പുഞ്ചിരിക്കു വഴിമാറിയതോടെ ജില്ലാ കലക്ടർ വി ആർ വിനോദ് ഐഎഎസ്, പി ഉബൈദുള്ള എംഎൽഎ അടക്കമുള്ള എല്ലാവരുടേയും മുഖത്ത് സന്തോഷച്ചിരി പടർന്നു. 

ജില്ലയിലെ ഏറനാട് താലൂക്ക് പുൽപറ്റ വില്ലേജിലെ സർവ്വേ നമ്പർ 366 ലെ 1.80 ഏക്കർ ഭൂമിയാണ് ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അതിദരിദ്ര വിഭാഗത്തിൽ ഉൾപ്പെട്ട 33 കുടുംബങ്ങൾക്ക് പതിച്ചു നൽകി പട്ടയം നൽകിയത്. റവന്യു ഉടമസ്ഥതയിലുള്ള 60 സെന്റ് ഭൂമി പുല്പറ്റ ഗ്രാമപഞ്ചായത്തിന് വിട്ടു നൽകി പകരം പഞ്ചായത്തിന്റെ അധീനതയിലുള്ള 1.80 ഏക്കർ ഭൂമി ഇതിനായി അനുവദിക്കുകയായിരുന്നു. അതിദാരിദ്ര്യ നിർമ്മാർജ്ജനം ഈ സർക്കാരിന്റെ കാലത്തെ ഏറ്റവും ബൃഹത്തായ പദ്ധതിയാണെന്നും രാജ്യത്തെ അതിദരിദ്രല്ലാത്ത ആദ്യ സംസ്ഥാനമായി നവംബർ ഒന്നോടെ കേരളം മാറുകയാണെന്നും റവന്യു മന്ത്രി കെ രാജൻ ചടങ്ങിൽ പറഞ്ഞു. 

Exit mobile version