Site iconSite icon Janayugom Online

എട്ടാം തവണയും അധികാരം നിലനിർത്തി പോൾ ബിയ, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രാഷ്ട്രത്തലവൻ

92കാരനായ പോൾ ബിയ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രാഷ്ട്രത്തലവനാണ്. 53.7 ശതമാനം വോട്ടുകൾ നേടിയാണ് പോൾ ബിയയുടെ എട്ടാം വിജയം. പ്രതിപക്ഷ നേതാവും എതിർ സ്ഥാനാർത്ഥിയുമായ ഇസ്സ ചിറോമ ബക്കാരിക്ക് 35.2 ശതമാനം വോട്ടുകളാണ് നേടാനായത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുൻപ് ഇസ്സ ചിറോമ ബക്കാരി താൻ വിജയിച്ചതായി വാദിച്ചിരുന്നു. എന്നാൽ ഭരണകക്ഷിയായ കാമറൂൺ പീപ്പിൾസ് ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഈ വാദം തള്ളുകയായിരുന്നു. വ്യാപകമായ അക്രമങ്ങൾക്ക് ഇടയിലാണ് ഒക്ടോബർ 12ന് കാമറൂണിൽ തെരഞ്ഞെടുപ്പ് നടന്നത്. ഫലം പ്രഖ്യാപനത്തിന് മുൻപ് ഇസ്സ ചിറോമ ബക്കാരിയുടെ അനുയായികൾ കാമറൂണിൽ പ്രതിഷേധങ്ങളും സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു.സമാധാന പരവും ഐക്യവുള്ളതും സമൃദ്ധവുമായ കാമറൂൺ കെട്ടിപ്പെടുക്കാൻ ഒരുമിച്ച് സാധിക്കുമെന്നും തന്നെ വീണ്ടും വിശ്വസിച്ചതിന് നന്ദിയെന്നുമാണ് പോൾ ബിയ വിജയത്തിന് ശേഷം പ്രതികരിച്ചത്. ഇതിനിടെ ഞായറാഴ്ച കാമറൂണിന്റെ സാമ്പത്തിക തലസ്ഥാനമായ ഡുവാലയിലുണ്ടായ പ്രതിഷേധത്തിൽ നാല് പേരാണ് കൊല്ലപ്പെട്ടത്. ഈ പ്രതിഷേധം തിങ്കളാഴ്ചയും തുടർന്നിരുന്നു. ഇസ്സ ചിറോമ ബക്കാരിയുടെ വീടിന് സമീപത്ത് പ്രതിഷേധക്കാർക്ക് വെടിയേൽക്കുകയും ചെയ്തിരുന്നു. മുൻ പ്രധാനമന്ത്രി ബെല്ലോ ബൗബ മൈഗാരി ഉൾപ്പെടെ ആകെ 10 സ്ഥാനാർത്ഥികൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന തെരഞ്ഞെടുപ്പിൽ 58 ശതമാനം ആയിരുന്നു വോട്ടർമാർ. തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് സമർപ്പിച്ച പത്തിലേറെ ഹർജികളാണ് ഭരണഘടനാ കൗൺസിൽ തള്ളിയത്. അഴിമതി വ്യാപകമാണെന്നും സമ്പദ് വ്യവസ്ഥ തകർന്ന അവസ്ഥയിലാണെന്നുമാണ് ജനങ്ങൾ അന്തർ ദേശീയ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

പൊതുവേദികളിൽ വളരെ അപൂർവ്വമായി എത്താറുള്ള പോൾ ബിയ 1982ലാണ് ആദ്യമായി അധികാരത്തിലെത്തിയത്. ആഫ്രിക്കയ്ക്ക് പുറത്ത് ആഡംബര ഹോട്ടലുകളിൽ സമയം ചെലവിടുന്ന പോൾ ബിയയുടെ രീതി ഏറെ വിമർശനം നേരിട്ടിരുന്നു. ഇതിന് മുൻപ് പല തവണ പോൾ ബിയ മരണപ്പെട്ടതായി അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. 

Exit mobile version