ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഎ) മേഖലയിലെ ആഗോള വിതരണ ശൃംഖല നിയന്ത്രിക്കാൻ അമേരിക്ക രൂപീകരിച്ച ‘പാക്സ് സിലിക്ക’ സഖ്യം ഇന്ത്യക്ക് കെണിയാകുമെന്ന് വിലയിരുത്തല്‍.
ന്യൂഡൽഹിയിൽ നടന്ന എഐ ഇംപാക്ട് ഉച്ചകോടിയിലാണ് ഇന്ത്യ ഔദ്യോഗികമായി സഖ്യത്തില്‍ അംഗമായത്. ഇതോടെ ആഗോള എഐ രാഷ്ട്രീയത്തിൽ പുതിയൊരു പക്ഷം ചേർന്നിരിക്കുകയാണ് രാജ്യം. പാക്സ് സിലിക്ക സഖ്യത്തിൽ ചേരുന്ന ആദ്യ ബ്രിക്സ് രാജ്യമാണ് ഇന്ത്യയെന്നതും ശ്രദ്ധേയം.
അമേരിക്കൻ താല്പര്യങ്ങൾ മുൻനിർത്തി എഐ വിപണിയെ നിയന്ത്രിക്കുക എന്നതാണ് പാക്സ് സിലിക്കയുടെ പ്രധാന ലക്ഷ്യം. ബ്രിട്ടൻ, ജപ്പാൻ, ദക്ഷിണ കൊറിയ, ഇസ്രയേൽ തുടങ്ങി ഒമ്പത് യുഎസ് അനുകൂല രാജ്യങ്ങളാണ് നേരത്തെ സഖ്യത്തിൽ ഉണ്ടായിരുന്നത്. വരാനിരിക്കുന്നത് എഐ യുഗമെന്ന വിലയിരുത്തലില്‍ ആധിപത്യം നഷ്ടപ്പെടാതിരിക്കാനാണ് അമേരിക്കയുടെ ശ്രമം. ഇതിനായി നയതന്ത്ര ഉദ്യോഗസ്ഥരെ പോലും ബിസിനസ് പ്രൊമോട്ടർമാരായി നിയോഗിച്ചിട്ടുണ്ട്.
ലോകത്തെ അപൂർവ ധാതുക്കളുടെ വിതരണ ശൃംഖലയിൽ ചൈനയ്ക്കാണ് ഏറ്റവും വലിയ സ്വാധീനം. ഇവയുടെ കയറ്റുമതിയില്‍ ചൈന ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പലപ്പോഴും സാങ്കേതിക മേഖലയെ തകിടം മറിക്കുന്നു. ചൈന പ്രതിവര്‍ഷം 2,70,000 ടൺ അപൂര്‍വ ധാതുക്കള്‍ ഉല്പാദിപ്പിക്കുമ്പോള്‍, അമേരിക്കയുടെ വിഹിതം 51,000 ടൺ മാത്രമാണ്. ഓസ്‌ട്രേലിയക്ക് 29,000 ടൺ ഉല്പാദനമുണ്ട്. ഇന്ത്യ വെറും 2,900 ടൺ മാത്രമാണ് ഉല്പാദിപ്പിക്കുന്നത്.
മറ്റ് രാജ്യങ്ങൾ ഖനനം നടത്തിയാലും അത് സംസ്കരിക്കാനായി ചൈനയിലേക്ക് അയക്കേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിന് വലിയ സാങ്കേതിക വൈദഗ്ധ്യവും പണവും ആവശ്യമാണ്. ഇന്ത്യയിൽ മോണോസൈറ്റ് പോലുള്ള മണൽ ശേഖരങ്ങളിൽ നിന്ന് അപൂർവ ധാതുക്കൾ ഖനനം ചെയ്യുന്നുണ്ടെങ്കിലും ഇവയെ ഉയർന്ന മൂല്യമുള്ള കാന്തങ്ങളാക്കി മാറ്റുന്ന സാങ്കേതികവിദ്യയിൽ രാജ്യം ഇനിയും മുന്നേറാനുണ്ട്.
ഭാവിയിലെ ഊർജ സുരക്ഷയ്ക്കും സാങ്കേതിക വളർച്ചയ്ക്കും അപൂർവ ധാതുക്കൾ അനിവാര്യമാണ്. എന്നാല്‍ പാക്സ് സിലിക്കയില്‍ അംഗമായതോടെ 90കളിലെ ഐടി വിപ്ലവം പോലെ ഇന്ത്യ വെറുമൊരു സേവനദാതാവായി മാത്രം ഒതുങ്ങിപ്പോകുമോ എന്ന ആശങ്ക വിദഗ്ധര്‍ പങ്കിടുന്നു. ഇരുപക്ഷത്തിനും ഗുണകരമാകുന്ന തരത്തിലുള്ള ധാരണകള്‍ ഉള്‍പ്പെടുന്നതല്ല പാക്സ് സിലിക്ക കരാറെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സഖ്യം രൂപീകരിച്ചതിന് പിന്നാലെ അമേരിക്കന്‍ എഐ എല്‍എല്‍എമ്മുകളും ചിപ്പുകളും അംഗരാജ്യങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് യുഎസ് വാണിജ്യകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ജേക്കബ് ഹെല്‍ബെര്‍ഗ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ സാങ്കേതികവിദ്യയുടെ വിപണിയായി മാത്രം മാറാതെ, സ്വന്തം ആവശ്യങ്ങൾക്ക് അനുയോജ്യമായ എഐ വികസിപ്പിച്ചെടുക്കുക എന്നതാണ് പ്രധാനം.
സഖ്യത്തോടെ, സ്വന്തമായി എഐ പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കുന്നതിന് പകരം അമേരിക്കൻ കമ്പനികളുടെ നിര്‍ദേശങ്ങൾ മാത്രം അനുസരിക്കേണ്ടിവരും. തദ്ദേശീയമായി എഐ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് ഇത് തടസമാകുമോ എന്നും നിരീക്ഷകർ ഭയപ്പെടുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധത്തിൽ ഇന്ത്യ പക്ഷം ചേരുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നയതന്ത്ര ബന്ധങ്ങളെ ബാധിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.
പാക്സ് സിലിക്ക അംഗത്വം യുഎസ് കെണിയില്‍ ഇന്ത്യ

