Site iconSite icon Janayugom Online

പി സി ജോര്‍ജ്ജും കൂട്ടരും ബിജെപിയില്‍ ചേര്‍ന്നു

ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി നേതാവ് പി സി ജോര്‍ജ്ജും കൂട്ടരും ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ജാവഡേക്കര്‍ പി സി ജോര്‍ജ്ജിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റും മകനുമായ ഷോണ്‍ജോ‍ര്‍ജ്ജും ജനപക്ഷം സെക്രട്ടറി ജോർജ് ജോസഫും ബിജെപി ദേശീയ നേതാക്കളിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രിമാരായ വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, അനിൽ ആന്റണി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

പി സി ജോർജ്, മകൻ ഷോൺ ജോർജ്, ജോർജ് ജോസഫ് കാക്കനാട് എന്നിവർ കഴിഞ്ഞ ദിവസം ബിജെപി കേന്ദ്ര നേതൃത്വവുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി പ്രവേശനം. കേരളത്തിൽ ഇരു മുന്നണികളിൽ ചേക്കേറാൻ പല തവണ ശ്രമിച്ചെങ്കിലും ഇരുമുന്നണികളും പിസി ജോർജിനെ അടുപ്പിച്ചിരുന്നില്ല. തുടർന്ന് ബിജെപിയുമായി ഒരുവർഷത്തോളമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുകയായിരുന്നു.

ഘടകകക്ഷി എന്ന നിലയിൽ ബിജെപിക്കൊപ്പം നിൽക്കാനായിരുന്നു ജനപക്ഷം തീരുമാനിച്ചിരുന്നത്. എന്നാൽ, അത്തരം തീരുമാനത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനടക്കം ശക്തമായി എതിർക്കുകയും ഇത്തരം രീതി ആവശ്യമില്ലെന്ന് കേന്ദ്രത്തെ കേരള നേതൃത്വം അറിയിക്കുകയായിരുന്നു. എപ്പോൾ വേണമെങ്കിലും മുന്നണി വിടാമെന്ന അവസ്ഥ ഉണ്ടാകുമെന്നുള്ളത് കൊണ്ടാണ് ഘടകകക്ഷിയായി തുടരണമെന്ന ജനപക്ഷത്തിന്റെ ആവശ്യത്തെ ബിജെപി എതിർത്തത്. തുടർന്ന് ബിജെപി അംഗത്വം തന്നെ എടുത്ത് ബിജെപിയായി പ്രവർത്തിച്ചാൽ അംഗീകരിക്കാമെന്ന നിലപാടിലേക്ക് നേതൃത്വം എത്തുകയായിരുന്നു.

Eng­lish Summary:
PC George and his col­leagues joined the BJP

You may also like this video:

Exit mobile version