Site iconSite icon Janayugom Online

വിദ്വേഷ പ്രസംഗം: പി സി ജോര്‍ജ്ജ് അറസ്റ്റില്‍

അനന്തപുരി ഹിന്ദു മഹാസമ്മേളന ത്തിലും വെണ്ണലയിലും വിദ്വേഷ പ്രസംഗം നടത്തിയ കേസുകളിൽ മുൻ എംഎൽഎ പി സി ജോർജിനെ വീണ്ടും അറസ്റ്റ് ചെയ്തു.
അനന്തപുരി കേസിൽ അനുവദിച്ചിരുന്ന ജാമ്യം തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് കോടതി റദ്ദാക്കിയതോടെയാണ് വീണ്ടും അറസ്റ്റിന് വഴിയൊരുങ്ങിയത്. ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ഈ മാസം ഒന്നിനാണ് ജോർജിനു കോടതി ജാമ്യം അനുവദിച്ചത്. തുടർന്ന് സർക്കാർ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കുകയായിരുന്നു. 

ജാമ്യം റദ്ദാക്കിയതിനു പിന്നാലെ വെണ്ണലയിലെ വിദ്വേഷ പ്രസംഗത്തിന്റെ പേരിലെടുത്ത കേസില്‍ പാലാരിവട്ടം സ്റ്റേഷനിലെത്തിയ ജോർജിനെ കസ്റ്റഡിയിലെടുക്കുകയും തിരുവനന്തപുരത്തു നിന്നുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു. വെണ്ണല കേസില്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. വൈദ്യപരിശോധനയ്ക്കുശേഷം അദ്ദേഹത്തെ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവന്നു. 

ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് പി സി ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി. ഫോർട്ട് സ്റ്റേഷനിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ നേരത്തെ തന്നെ കൊച്ചിയിൽ എത്തിയിരുന്നു. മകൻ ഷോൺ ജോർജിനൊപ്പമാണ് ജോർജ് ഹാജരായത്. പൊലീസ് സ്റ്റേഷൻ പരിസരത്ത് നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. ജോർജിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി പിഡിപി പ്രവർത്തകരും എത്തിയതോടെ സ്ഥലത്ത് നേരിയ സംഘർഷാവസ്ഥ ഉടലെടുത്തു. പൊലീസ് ബലപ്രയോഗത്തിലൂടെയാണ് ഇവരെ നീക്കിയത്.
 

Eng­lish Sum­ma­ry: pc george arrested

You may also like this video

Exit mobile version