പീഡനപരാതിയില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തു. സോളാര്‍ കേസ് പ്രതിയായ യുവതിയുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ജോര്‍ജിന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണത്തോട് സഹകരിക്കണം, ആവശ്യപ്പെട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം, പരാതിക്കാരിയെ സ്വാധീനിക്കരുത് എന്നതുള്‍പ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം. ഇന്ത്യൻ ശിക്ഷാനിയമം 354,354 എ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജോർജ് യുവതിയെ ഫെബ്രുവരി പത്തിനാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനെന്ന പേരില്‍ തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയത്. മകനും ഓട്ടോ ഡ്രൈവർക്കുമൊപ്പം ഗസ്റ്റ്ഹൗസിലെത്തിയ പരാതിക്കാരിയെ ജോർജ് 404-ാം നമ്പർ മുറിയിലേക്ക് വിളിപ്പിച്ചു. മകനെ ഡ്രൈവർക്കൊപ്പം പുറത്തിരുത്തി. പിന്നീട് ജോർജ് ലൈംഗിക ചുവയോടെ സംസാരിക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. വിസമ്മതിച്ചതോടെ ബലപ്രയോഗം നടത്തുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. സ്വപ്നാ സുരേഷും പി സി ജോർജും പ്രതികളായ കേസിൽ ചോദ്യംചെയ്യലിനായി പി സി ജോർജിനെ പ്രത്യേകാന്വേഷണ സംഘം ഇന്നലെ രാവിലെ വിളിച്ചുവരുത്തിയിരുന്നു. അതിനിടെയാണ് പരാതിക്കാരി മ്യൂസിയം പൊലീസ് സിഐക്ക് പരാതി നൽകിയത്.
പ്രത്യേകാന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ കഴിഞ്ഞയുടൻ ഫോർട്ട് അസി. കമ്മിഷണർ വി എസ് ബിനുരാജിന്റെ നേതൃത്വത്തില്‍ ജോർജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നന്ദാവനം എ ആർ ക്യാമ്പിലെത്തിച്ച ജോർജിനെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തു. ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. തനിക്കെതിരെ മുഖ്യമന്ത്രി കള്ളക്കേസുണ്ടാക്കിയതാണെന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പി സി ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രിക്കു പിന്നില്‍ ഫാരിസ് അബൂബക്കറാണെന്ന ആരോപണമുന്നയിച്ച ജോര്‍ജ് ഇതുസംബന്ധിച്ച് വിശദാന്വേഷണവും ആവശ്യപ്പെട്ടു. നേരത്തെ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി സി ജോർജിനെതിരെ തന്റെ കൈയിൽ തെളിവുണ്ടെന്ന് പരാതിക്കാരി മാധ്യമങ്ങളോട് വ്യക്തമാക്കി. കൃത്യമായ തെളിവോടുകൂടിയാണ് പരാതി നൽകിയത്. എന്താണ് ചെയ്തതെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. തന്നോട് എവിടെയൊക്കെ വരാന്‍ പറഞ്ഞിട്ടുണ്ടെന്നത് ടെലിഫോണ്‍ സംഭാഷണങ്ങളിലുണ്ടെന്നും പരാതിക്കാരി പറഞ്ഞു. നേരത്തെ മതവിദ്വേഷ പ്രസംഗക്കേസിലും ജോര്‍ജിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. പിന്നീട് കോടതി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. English Summary:PC George granted bail
You may also like this video