ഇന്ത്യ‑ചൈന അതിർത്തിയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുവാൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ ചർച്ചയിൽ ധാരണയായി. ബ്രിക്‌സ് ഉച്ചകോടിയില്‍ ആണ് ഇരുവരും ഉഭയകക്ഷി ചര്‍ച്ച നടത്തിയത് . കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ പട്രോളിങ് ക്രമീകരണങ്ങൾ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിനെ സ്വാഗതം ചെയ്‌തു. അതിർത്തിയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നത് ഇരുരാജ്യങ്ങളുടെയും മുൻഗണന വിഷയമായി തുടരണമെന്നും പരസ്‌പര വിശ്വാസമാണ് ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനമെന്നും നരേന്ദ്രമോഡി പറഞ്ഞു. ഇന്ത്യ‑ചൈന ബന്ധം ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് മാത്രമല്ല, ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും പുരോഗതിക്കും പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘അഞ്ച് വർഷത്തിന് ശേഷം തങ്ങൾ ഒരു ഔപചാരിക കൂടിക്കാഴ്‌ച നടത്തുകയാണ്. ഇന്ത്യ‑ചൈന ബന്ധം നമ്മുടെ ജനങ്ങൾക്ക് മാത്രമല്ല, ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും പുരോഗതിക്കും വളരെ പ്രധാനമാണെന്ന് തങ്ങൾ വിശ്വസിക്കുന്നു. അതിർത്തിയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുക എന്നത് നമ്മുടെ ബന്ധത്തിന്‍റെ അടിസ്ഥാനമായി തുടരണം, പരസ്‌പര വിശ്വാസവും പരസ്‌പര ബഹുമാനവും തുടരണം; — ചൈനീസ് പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്‌ചയില്‍ മോഡി പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള ആശയവിനിമയവും സഹകരണവും മെച്ചപ്പെടുത്തേണ്ടത് ഇരു രാജ്യങ്ങളുടെയും ആവശ്യമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പറഞ്ഞു . ഇരു രാജ്യങ്ങളും തമ്മിലുള്ള വിയോജിപ്പുകൾ കൃത്യമായി കൈകാര്യം ചെയ്യണമെന്നും മോഡിയെ കണ്ടതിൽ അതിയായ സന്തോഷമുണ്ടെന്നും ഷി പറഞ്ഞു.