Site icon Janayugom Online

കർഷക സമരം; എം എസ് പി യിൽ കേന്ദ്രം വാക്കുപാലിച്ചില്ല: ടിക്കായത്ത്

ഡൽഹി കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത് നയിച്ച മഹാറാലിയോടെ നാലു ദിനം നീണ്ട ദേശീയ കാലാവസ്ഥാ സമ്മേളനം സമാപിച്ചു. കർഷകർ ഉന്നയിച്ച സുപ്രധാന ആവശ്യങ്ങളിലൊന്നായ മിനിമം താങ്ങുവിലയുടെ കാര്യത്തിൽ കേന്ദ്രം വാക്കുപാലിച്ചില്ലെന്നും കർഷക സമരം വീണ്ടും ആരംഭിക്കേണ്ടി വരുമെന്നും റാലിക്കുശേഷം നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് ടിക്കായത്ത് പറഞ്ഞു. കേരളത്തിന്റെ മത സൗഹാർദ്ദ അന്തരീക്ഷത്തെ അദ്ദേഹം പ്രശംസിച്ചു.

 

ഭാരതീയ കിസാൻ യൂണിയൻ നേതാക്കളായ യുദ്ധവീർ സിങ്, സത് വീർ സിങ് പഹൽവാൻ, മൽസ്യത്തൊഴിലാളി പ്രതിനിധി മാഗ്ളിൻ ഫിലോമിന തുടങ്ങിയവരും സംസാരിച്ചു. കൽപറ്റ നാരായണൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രൊഫ. കുസുമം ജോസഫ് സ്വാഗതം പറഞ്ഞു. സി ആർ നീലകണ്ഠൻ കർഷക സമര നേതാക്കളുടെ പ്രസംഗം പരിഭാഷപ്പെടുത്തി.
ദക്ഷിണേഷ്യൻ ജനകീയ പ്രസ്ഥാനങ്ങളുടെ മഴവിൽ സഖ്യമായ സപാക്കി​ന്റെ നേതൃത്വത്തിൽ കോഴിക്കോട് വെള്ളിമാടുകുന്നിൽ നടന്ന ദേശീയ സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷക- തൊഴിൽ സമര മേഖലയിലെ ഒട്ടേറെ പ്രതിനിധികളും അക്കാദമിക്കുകളും വിദ്യാർത്ഥികളും പങ്കെടുത്തു.

തൊഴിൽ — കാർഷിക പ്രതിസന്ധികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അവക്കുള്ള പരിഹാരവഴികളും ചർച്ച ചെയ്ത സമ്മേളനം 16 ന് കേരളത്തിലെ പ്രകൃതിദുരന്ത — സമര മേഖലയിലെ പ്രതിനിധികൾ ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തി​ന്റെ പാരിസ്ഥിതിക — സാമൂഹ്യ പ്രശ്നങ്ങളും സമ്മേളനത്തിൽ ഗൗരവതരമായി ഉന്നയിക്കപ്പെട്ടു. കാലാവസ്ഥാ പ്രതിസന്ധിയുടെ കാലത്തെ കൃഷി, തൊഴിലാളി സമൂഹം, ലിംഗ സമത്വം, അരക്ഷിതമാക്കപ്പെടുന്ന സമൂഹങ്ങൾ, കാലാവസ്ഥയും യുവജനങ്ങളും, പശ്ചിമഘട്ടത്തി​ലെയും തീരദേശത്തിലെയും പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സജീവ സംവാദങ്ങൾ ഈ ദിവസങ്ങളിൽ നടന്നു. വിദ്യാർഥികൾക്കുള്ള ​ക്ലൈമറ്റ് സ്കൂളും മാധ്യമപ്രവർത്തകരും പരിസ്ഥിതി ആക്ടിവിസ്റ്റുകളും തമ്മിലുള്ള സംവാദവും ഇന്നലെ നടന്നു.

Eng­lish Summary:Peasant Strike; Cen­ter did not keep its word on MSP: Tikait
You may also like this video

Exit mobile version