Site iconSite icon Janayugom Online

പേച്ച്

ഇത്ര നേരം മതിയാകുമോ
ഒരാൾ
മറ്റൊരാളിൽ നി-
ന്നിറങ്ങിപ്പോകുവാൻ
ഒന്നുമേ പറയാനില്ല -
യെന്ന മട്ടിൽ
ഒരുമിച്ചു തുഴഞ്ഞ വഞ്ചി
എണ്ണിയെടുത്ത കക്കകൾ
കോർത്തുവച്ച ശംഖുമാലകൾ
ഏതുമേയെടുക്കാതെ
ഞാൻ നടന്നളന്നുതന്ന വഴികൾ
നിന്നിലേയ്ക്കുള്ള കാല്പാടുകൾ
ഞാൻ വന്നാലേ
‘വിടരൂ‘യെന്നു ശഠിച്ച രാമൊട്ടുകൾ
എനിക്കായ് നീ തുന്നിയ
ചിത്രത്തൂവാലകൾ
തുറന്നിട്ട ജാലകങ്ങൾ
ഒന്നുമേയോർക്കാതെ
ഇത്രനേരം
മതിയായിരുന്നുവത്രേ
നിറവുകൾ
ശൂന്യമായിടാൻ
എന്നുമൊരേ പാട്ടെന്ന്
പൊട്ടപ്പേച്ചെന്ന്
പുത്തനായൊന്നുമില്ലെന്ന്
ഉച്ചിയിലുദിക്കുന്നതൊരേ സൂര്യനെന്ന്
നിലാവിനുമതേ കുളിരെന്ന്
ഞാനടക്കിപ്പിടിച്ച നിൻ
ചിറകുകൾ
തേൻ തുളുമ്പുമുമ്മകൾ
രാവേറുവോളം
കൊതി പുരാണങ്ങൾ
വേർപ്പുപ്പു നനച്ചനിലങ്ങൾ
ഒന്നുമേയോർക്കാതെ
ഏതുമേയെടുക്കാതെ
മിഴിയണയ്ക്കാതെ
നിൽക്കുന്നുണ്ടു ഞാനീ-
ക്കൊടുംവളവിൽ
പ്രാണന്റെ നാളിയിൽ നി-
ന്നെന്തോ പൊടുന്നനെ
പൊട്ടിപ്പിളർന്നു-
പോയെന്ന തോന്നലിൽ 

Exit mobile version