Site iconSite icon Janayugom Online

കാല്‍നട യാത്രക്കാരുടെ സുരക്ഷ: നിയമലംഘകര്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ ചുമത്തി

വാഹന അപകടങ്ങളില്‍ കാല്‍നടയാത്രക്കാരുടെ മരണനിരക്കില്‍ ആശങ്കാജനകമായ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 1232 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 2,57,760 രൂപ പിഴ ചുമത്തുകയും ചെയ്തു. ആകെ 32,116 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 182 കേസുകള്‍ കോടതിയിലേക്ക് വിടുകയും ചെയ്തു.
ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ നേതൃത്വത്തിലാണ് പ്രത്യേക എന്‍ഫോഴ്സ്മെന്റ് നടപടികളും ബോധവല്‍ക്കരണ ഡ്രൈവും നടത്തിയത്. 14ന് ആരംഭിച്ച് മൂന്ന് ദിവസം നീണ്ടുനിന്ന പ്രവര്‍ത്തനത്തില്‍ കാല്‍നടയാത്രക്കാരുടെ ക്രോസിങുകളില്‍ വേഗത കുറയ്ക്കാത്ത വാഹനങ്ങള്‍, അമിത വേഗതയില്‍ വാഹനമോടിക്കല്‍, കാല്‍നടയാത്രക്കാര്‍ക്ക് നിയമപരമായി അനുവദനീയമായ വഴിയുടെ അവകാശം അവഗണിക്കല്‍ എന്നിവ നിരീക്ഷിക്കുകയും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഒക്ടോബര്‍ 31 വരെ സംസ്ഥാനത്ത് 851 കാല്‍നടയാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടമായതില്‍ 218 എണ്ണം കാല്‍നടയാത്രക്കാരെ സീബ്രാ ക്രോസിങില്‍ ഇടിച്ചിട്ടതില്‍ സംഭവിച്ചതാണ്. കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിലും ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു വൈറ്റ് ലൈന്‍ ലൈഫ് ലൈന്‍ എന്ന പേരില്‍ ഈ ഡ്രൈവ് നടത്തിയത്.
പതിവായി പരിശോധനകള്‍ നടത്താന്‍ ഹൈവേ പട്രോള്‍ യൂണിറ്റുകള്‍ക്കും എന്‍ഫോഴ്സ്മെന്റ് യൂണിറ്റുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്, ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നിയമലംഘനം ശ്രദ്ധയില്‍പ്പെടുന്ന പക്ഷം 9747001099 എന്ന ശുഭയാത്ര നമ്പറിലേക്കു പൊതുജങ്ങള്‍ക്കു റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.

Exit mobile version