Site iconSite icon Janayugom Online

കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വിവരം ചോര്‍ത്തുന്നു

ചാര സോഫ്റ്റ്‌വേര്‍ വഴി വ്യക്തിഗത വിവരം ചോര്‍ത്താന്‍ പുതിയ നീക്കവുമായി മോഡി സര്‍ക്കാര്‍. ഭിന്നസ്വരം ഉയര്‍ത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും നീരിക്ഷണ വലയത്തിലാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ വീണ്ടും ഊര്‍ജിതമാക്കിയിരിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  ഇസ്രയേല്‍ ചാര സോഫ്റ്റ്‌വേര്‍ കോഗ്‌നെറ്റ് വഴി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെയും മാധ്യമങ്ങളുടെയും വിവരം ശേഖരിച്ചത് രാജ്യത്ത് വന്‍ വിവാദം ഉയര്‍ത്തിയിരുന്നു. കോഗ്‌നെറ്റ് വഴി പൗരന്‍മാരുടെ വിവരംചോര്‍ത്തിയത് വിവാദമായപ്പോള്‍ പിന്നോട്ടുപോയ കേന്ദ്ര സര്‍ക്കാര്‍ ഇസ്രയേല്‍ സ്ഥാപനമായ ‘സെപ്റ്റിയര്‍’ സോഫ്റ്റ്‌വേറുമായി ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
മുകേഷ് അംബാനിയുടെ റിലയന്‍സ്, വോഡഫോണ്‍— ഐഡിയ, സിങ്കപ്പൂര്‍ ആസ്ഥനാമായ സിങ് ടെല്‍ എന്നീ കമ്പനികള്‍ക്ക് സേവനം നടത്തുന്ന സെപ്റ്റിയര്‍ വിവാദ കമ്പനികളുടെ പട്ടികയില്‍ ഇടംപിടിച്ച സ്ഥാപമാണ്. കോഗ്‌നെറ്റ് വഴിയുള്ള സ്വകാര്യ വിവരശേഖരണത്തിനുള്ള തുക ഗണ്യമായി വര്‍ധിച്ചത് കണക്കിലെടുത്ത് മറ്റൊരു കമ്പനിയെ ഇന്ത്യ ആശ്രയിക്കുന്നതായുള്ള വിവരം ഏതാനും മാസം മുമ്പ് പുറത്തുവന്നിരുന്നു.
നിര്‍മ്മിത ബുദ്ധി അടക്കമുള്ള നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സെപ്റ്റിയര്‍ നീരീക്ഷണം നടത്തുന്നത്. ഇന്ത്യയും അമേരിക്കയും സംയുക്തമായി സ്ഥാപിച്ചിരിക്കുന്ന വഹേര എന്ന കേന്ദ്രത്തിലാണ് സോഫ്റ്റ്‌വേര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിക്കുന്നത്. രാജ്യത്തെ എതിര്‍ ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനുള്ള മോഡി സര്‍ക്കാരിന്റെ രഹസ്യ അജണ്ടയാണ് സെപ്റ്റിയര്‍ ഇടപാടിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2021 ല്‍ പെഗസാസ് ചാര സോഫ്റ്റ്‌വേറിലൂടെ മോഡി സര്‍ക്കാര്‍ എതിരാളികളുടെ വിവരം ശേഖരിച്ച വിവരം ഫ്രഞ്ച് സന്നദ്ധ സംഘടനയായ ഫോര്‍ബിഡന്‍ സ്റ്റോറീസ് പുറത്ത് വിട്ടിരുന്നു. ആംനസ്റ്റി ഇന്റര്‍നാഷണല്‍, സുപ്രീം കോടതി അടക്കമുള്ളവരോട് തങ്ങള്‍ സര്‍ക്കാതലത്തില്‍ മാത്രമാണ് ഇടപാട് നടത്തിയതെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ചാര സോഫ്റ്റ്‌വേര്‍ സേവനം ലഭ്യമാക്കിയെന്നും കമ്പനി ചൂണ്ടിക്കാട്ടിയിരുന്നു.
Eng­lish Sum­ma­ry: pega­sus style spy­ware attack
You may also like this video
Exit mobile version