Site icon Janayugom Online

പെലെ എന്ന വട്ടപ്പേരിനെ ഇഷ്ടപ്പെടാതിരുന്ന പെലെ

1894ല്‍ ചാള്‍സ് വില്യം മില്ലര്‍ എന്ന സ്കോട്ലൻഡുകാരൻ സാവോപോളോയിലേക്ക് രണ്ട് ഫുട്ബോളുകളുമായി വന്നപ്പോള്‍ ബ്രസീല്‍ എന്ന രാജ്യത്തിന്റെ വിധി തന്നെ മാറുകയായിരുന്നു. ദാരിദ്ര്യവും പട്ടിണിയും മാത്രം കൈമുതലായിരുന്ന ഒരു കൂട്ടം തെരുവ് മനുഷ്യര്‍ക്കാണ് ആ ഫുട്ബോളുകള്‍ ലഭിച്ചത്. അവര്‍ വിശപ്പ് മറക്കാൻ മണിക്കൂറുകളോളം തെരുവില്‍ ഫുട്ബോള്‍ തട്ടി. അതിന്റെ ഫലമാണ് ഇന്ന് ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രസീലിയൻ ടീം. ഫുട്ബോള്‍ അവരുടെ വിശപ്പ് മാറ്റുക മാത്രമല്ല ചെയ്തത്, അവരുടെ മുഖ്യ സാമ്പത്തിക ശ്രോതസ് ആകുകയും ചെയ്തു. ഫുട്ബോളും ആമസോണ്‍ കാടുകളുമാണ് ആ രാജ്യത്തിന് എല്ലാം നല്‍കിയത്.

ആ സാമ്പത്തിക വളര്‍ച്ചയില്‍‍ മുഖ്യപങ്ക് വഹിച്ചത് പെലെ ആണ്. തന്റെ ആത്മകഥയായ ‘ഞാൻ പെലെ‘യില്‍ അദ്ദേഹം ഇങ്ങനെ എഴുതി. “ദാരിദ്ര്യം ആയിരുന്നു പ്രശ്നം. ദാരിദ്ര്യം മനസ്സിനെ മരവിപ്പിക്കും. ഉത്സാഹം കെടുത്തും. ആത്മാഭിമാനം ചോർത്തിക്കളയും. അത് മറക്കാൻ ഞങ്ങൾ തെരുവുകളിൽ പന്ത് തട്ടിക്കളിച്ചു.” ലോകത്ത് ഫുട്ബോള്‍ അറിയാത്തവര്‍ക്ക് പോലും പെലെയെ അറിയാം. അത് ദാരിദ്ര്യം അറിയാവുന്നവര്‍ക്ക് ദാരിദ്ര്യം അറിയാവുന്ന ഒരുവനോടുള്ള ഇഷ്ടം കൂടിയാണ്. 1953ല്‍ തന്റെ പതിമൂന്നാം വയസ്സില്‍ ജൂനിയര്‍ താരമായി ആരംഭിച്ച ഫുട്ബോള്‍ കരിയര്‍ 1977ല്‍ ന്യൂയോര്‍ക്ക് കോസ്മോസില്‍ അവസാനിപ്പിക്കുമ്പോള്‍ ലോക ഫുട്ബോളിലെ വിസ്മയമായി അദ്ദേഹം മാറിയിരുന്നു. ഇതില്‍ 1957 മുതല്‍ 1971 വരെ രാജ്യത്തിന് വേണ്ടി കളിച്ച 92 മത്സരങ്ങളില്‍ നിന്ന് നേടിയത് 77 ഗോളുകള്‍. ബ്രസീലിന് വേണ്ടി ഏറ്റവുമധികം അന്താരാഷ്ട്ര ഗോളുകള്‍ നേടിയ താരമെന്ന അദ്ദേഹത്തിന്റെ റെക്കോര്‍ഡ് ഇനിയുമാരും മറികടന്നിട്ടില്ല. അത്രതന്നെ ഗോളുകളുമായി നെയ്മര്‍ ഒപ്പത്തിനൊപ്പമുണ്ടെന്നതിനാല്‍ ആ റെക്കോര്‍ഡിന് അധികം ആയുസ്സില്ലെന്ന് ഉറപ്പിക്കാം. എന്നാല്‍ നെയ്മര്‍ 77 ഗോളുകള്‍ നേടിയിരിക്കുന്നത് 124 മത്സരങ്ങളില്‍ നിന്നാണെന്നതാണ് ഇതിലെ വ്യത്യാസം. അന്താരാഷ്ട്ര ഗോള്‍ വേട്ടയില്‍ ഒന്നാമത് നില്‍ക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 118 ഗോളുകള്‍ നേടിയിരിക്കുന്നത് 196 മത്സരങ്ങളില്‍ നിന്നാണ്. അതായത് പെലെയേക്കാള്‍ നൂറിലേറെ മത്സരങ്ങള്‍ അധികം കളിച്ചാണ് 41 ഗോളുകള്‍ അധികം നേടിയിരിക്കുന്നത്.

ഇതിനിടെ മൂന്ന് തവണ ലോകകപ്പ് നേടാനും പെലെയ്ക്ക് സാധിച്ചു. ആദ്യമായി ലോകകപ്പിനിറങ്ങിയ 1958ലും 1962ലും അവസാന ലോകകപ്പ് ആയിരുന്ന 1970ലും. ലോകത്തിലെ മറ്റൊരു താരത്തിനും ഇനിയും ലഭിച്ചിട്ടില്ലാത്ത സൗഭാഗ്യം. ഇതില്‍ 58ലെ ലോകകപ്പിലെ മികച്ച യുവതാരവും 70ലെ ലോകകപ്പിലെ മികച്ച താരവും പെലെ ആയിരുന്നു. 70ലെ ലോകകപ്പില്‍ താൻ കളിക്കുന്നില്ലെന്നാണ് പെലെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രാജ്യവും ജനങ്ങളും അത് സമ്മതിച്ചില്ല. കാരണം, എത്ര പ്രതിഭാധനന്മാര്‍ ടീമിലുണ്ടെങ്കിലും അവര്‍ക്ക് ബ്രസീല്‍ ഫുട്ബോള്‍ ടീം എന്നാല്‍ പെലെ ആയിരുന്നു. ഒരിക്കല്‍ പോലും ആംബാന്‍ഡ് ധരിച്ച ക്യാപ്റ്റൻ ആയിരുന്നില്ലെങ്കിലും ഗ്രൗണ്ടില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കാൻ അദ്ദേഹത്തിനായി. സൗഹൃദ മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള 1363 ഫുട്ബോള്‍ മത്സരങ്ങളില്‍ നിന്ന് അദ്ദേഹം നേടിയ 1,279 ഗോളുകള്‍ ഗിന്നസ് റെക്കോര്‍ഡ് ആണ്. ഇതില്‍ 1959ല്‍ സാന്റോസിന് വേണ്ടി മാത്രം 100 മത്സരങ്ങളില്‍ നിന്ന് 126 ഗോളുകള്‍ നേടി. കരിയറില്‍ 90 കളികളില്‍ മൂന്ന് ഗോളുകളും 30 കളികളില്‍ നാല് ഗോളുകളും നാല് തവണ അഞ്ച് ഗോളുകളും നേടി. വെറുതെയല്ല അദ്ദേഹത്തെ 20-ാം നൂറ്റാണ്ടിന്റെ അത്ലെറ്റും ഫുട്ബോളറുമൊക്കെയായി തെരഞ്ഞെടുത്തത്.

1940 ഒക്ടോബര്‍ 23നാണ് പെലെ എന്ന എഡ്സണ്‍ അരാന്റിസ് ഡോ നാസിമെന്റോ ബ്രസീലിലെ ട്രെസ് കോറോസസില്‍ ജനിച്ചത്. ഡോണ്ടിഞ്ഞോ എന്ന് അറിയപ്പെട്ടിരുന്ന ജോവാ റാമോസ് ഡോ നാസിമെന്റോയെന്ന ഫുട്ബോളറും സെലെസ്റ്റെ അരാന്റെയുമായിരുന്നു മാതാപിതാക്കള്‍. എഡ്സണ്‍ എന്നായിരുന്നു പേരെങ്കിലും രേഖകള്‍ പൂരിപ്പിച്ചപ്പോള്‍ സംഭവിച്ച അക്ഷരപ്പിശക് മൂലം രേഖകളില്‍ എഡിസണ്‍ എന്നായി പേര്. ഡികോ എന്നായിരുന്നു വീട്ടുകാര്‍ വിളിച്ചിരുന്നത്. അച്ഛൻ തന്നെയായിരുന്നു ഡിക്കോയുടെ ആരാധനാ പുരുഷനും ആദ്യകാല പരിശീലകനും. വാസ്കോ ക്ലബ്ബിലെ തന്റെ പ്രിയപ്പെട്ട ഗോള്‍ കീപ്പര്‍ ബിലെയുടെ പേര് ഉച്ചരിക്കുന്നതിലെ തെറ്റിന് കൂട്ടുകാര്‍ സമ്മാനിച്ച വട്ടപ്പേരായിരുന്നു പെലെ എന്നത്. ആദ്യമൊക്കെ ആ വിളി ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ദേഷ്യം കൂടുന്തോറും ആ പേരിന് കൂടുതല്‍ പ്രചാരം ലഭിച്ചു. ഒടുവില്‍ ഡിക്കോയും പെലെ എന്ന പേരിനെ ഇഷ്ടപ്പെട്ട് തുടങ്ങി. ആ പേരിന്റെ അര്‍ത്ഥമെന്താണെന്ന് തനിക്കോ തന്റെ പഴയ സുഹൃത്തുക്കള്‍ക്കോ അറിയില്ലെന്ന് പെലെ തന്റെ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. ഹീബ്രുവില്‍ അത്ഭുതം എന്നര്‍ത്ഥമുള്ള ബിലെ എന്ന പേരില്‍ നിന്ന് ഉരുത്തിരിഞ്ഞ പേരാണെങ്കിലും പോര്‍ച്ചുഗീസില്‍ പെലെ എന്ന വാക്കിന് അര്‍ത്ഥമൊന്നും കണ്ടെത്താനായിട്ടില്ല. ഈ പേരിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ ഇപ്പോഴും ഫുട്ബോള്‍ ലോകത്ത് സജീവമാണ്.
(തുടരും..)

Eng­lish Sum­mery: Pele who Hate Call­ing the Nick­name Pele
You May Also Like This Video

Exit mobile version