Site iconSite icon Janayugom Online

പടയപ്പയ്ക്ക് പിന്നാലെ മറ്റൊരു കാട്ടാനയും; ഭീതിയിൽ ‍തോട്ടം മേഖല

മൂന്നാറിലെ തോട്ടംമേഖലയില്‍ പടയപ്പയെന്ന കാട്ടാനക്കൊപ്പം മറ്റൊരു കാട്ടാനയും കാടിറങ്ങുന്നത് തൊഴിലാളികൾക്കിടയിൽ ഭീതി പരത്തുന്നു. പൊക്കംകൊണ്ടും കൊമ്പിന്റെ നീളംകൊണ്ടും ഏവരെയും ആകർഷിക്കുന്ന പടയപ്പയെന്ന കാട്ടാന തൊഴിലാളികള്‍ക്ക് സുപരിചിതനാണ്. തോട്ടങ്ങളിലെ റേഷന്‍ കടകള്‍ ക്യത്യമായി മനസിലാക്കി ഭക്ഷണം കഴിച്ച് മടങ്ങുന്ന പടയപ്പ നാളിതുവരെ മനുഷ്യരെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരിചിതമല്ലാത്ത മറ്റൊരു കാട്ടാന എസ്റ്റേറ്റ് മേഖലയില്‍ എത്തി തൊഴിലാളികളെ ഭീതിലാക്കുകയാണ്. കഴിഞ്ഞ ദിവസം സെവന്‍മല എസ്റ്റേറ്റിലെ ഓള്‍ഡ് ഡിവിഷനില്‍ എത്തിയ കാട്ടാനയെ കണ്ട് ഓടിയ സ്ത്രീതൊഴിലാളികൾക്ക് വീണ് പരിക്കേറ്റിരുന്നു. 

ചൊവ്വാഴ്ച വൈകുന്നേരം എസ്റ്റേറ്റ് ലയങ്ങളുടെ സമീപം എത്തിയ കാട്ടാന ബുധനാഴ്ച രാവിലെയോടെയാണ് തോട്ടങ്ങളില്‍ എത്തിയത്. രാത്രി മുഴുവന്‍ പുറത്തിറങ്ങാന്‍ കഴിയാതെ തൊഴിലാളികള്‍ വീട്ടില്‍ തന്നെ കഴിയേണ്ടിവന്നു.
പടയപ്പയെന്ന കാട്ടാനയെ ഭയമില്ലെങ്കിലും പുതിയതായി എത്തിയ കാട്ടാനയെ ഏറെ ഭയത്തോടെയാണ് തൊഴിലാളികള്‍ കാണുന്നത്. സംഭവത്തില്‍ വനംവകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. 

കന്നുകാലികൾക്ക് നേരെ വന്യജീവി ആക്രമണം

മൂന്നാർ: ദേവികുളം ഗ്രാമപഞ്ചായത്ത് പരിധിയില്‍പ്പെട്ട സൈലന്റ് വാലി മേഖലയില്‍ കന്നുകാലികള്‍ക്ക് നേരെയുണ്ടാകുന്ന വന്യജീവി ആക്രമണം നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടിവേണമെന്ന ആവശ്യം ശക്തം.
തോട്ടം മേഖലയില്‍ ഏറ്റവും അധികം കന്നുകാലികളെ വളര്‍ത്തുന്ന പ്രദേശങ്ങളിലൊന്നാണ് സൈലന്റ് വാലി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ മേഖലയില്‍ മൂന്ന് കന്നുകാലികൾ വന്യജീവിയാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തോട്ടം തൊഴിലില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന് പുറമെ തൊഴിലാളികള്‍ ക്ഷീരമേഖലയില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. കന്നുാലികള്‍ക്ക് നേരെയുണ്ടാകുന്ന വന്യജീവി ശല്യം നിയന്ത്രിച്ചില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങുമെന്ന് തൊഴിലാളികൾ മുന്നറിയിപ്പ് നൽകി.

You may also like this video

Exit mobile version