Site iconSite icon Janayugom Online

ഏകീകൃത സിവില്‍ കോഡ് കാപട്യം ജനം തിരിച്ചറിയും

ഏകീകൃത സിവില്‍ കോഡ് (യുസിസി) ബിജെപി ചര്‍ച്ചയാക്കിയത് തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് മാത്രമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഈ നീക്കം ജനങ്ങള്‍ സ്വയം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം 25 മണിപ്പൂര്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കാന്‍ കഴിഞ്ഞ മൂന്നു ദിവസമായി നടന്ന പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗം തീരുമാനിച്ചതായും വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി പൊടുന്നനെ ഭോപ്പാലിലെ പരിപാടിക്കിടെ ഏകീകൃത സിവില്‍ കോഡ് വിഷയം ഉയര്‍ത്തിക്കൊണ്ടു വരികയാണുണ്ടായത്. വിഷയത്തെ തുച്ഛമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ച് വിഷയം രാഷ്ട്രീയവല്‍ക്കരിക്കാനും വര്‍ഗീയവല്‍ക്കാരിക്കാനുമുള്ള ബിജെപി നിലപാട് അപലപനീയമാണ്. രാജ്യത്തിന്റെ വൈവിധ്യം മനസില്‍ കണ്ട് വേണം ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കേണ്ടത്. ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാവൂവെന്നും സിപിഐ ആവശ്യപ്പെട്ടു.
ഏകീകൃത സിവില്‍ കോഡ് ആവശ്യമില്ലെന്ന് 21-ാം നിയമകമ്മിഷന്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ നിലവിലെ കമ്മിഷന്‍ അതിനെ അവഗണിക്കുകയും യുസിസി സംബന്ധിച്ച് ജനങ്ങളില്‍ നിന്നും അഭിപ്രായം തേടുകയും ചെയ്തു. ശരിയായ കരട് പോലും തയ്യാറാക്കാതെയാണ് ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്. ലിംഗസമത്വത്തിനായാണ് സിപിഐ എന്നും നിലകൊള്ളുന്നത്. ഏകീകൃതമെന്നാല്‍ തുല്യതയല്ല. സിവില്‍ കോഡിനെ പാര്‍ട്ടി എതിര്‍ക്കുന്നതായും ഡി രാജ പറഞ്ഞു.
മണിപ്പൂര്‍ സന്ദര്‍ശിച്ച ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഉടനടി പിന്‍വലിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. പ്രതിപക്ഷ ഐക്യം ഓരോ സംസ്ഥാനങ്ങളുടെയും പ്രത്യേക സാഹചര്യം പരിശോധിച്ചാണ് രൂപപ്പെടുക. ഇന്ന് ബംഗളുരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ ജനറല്‍ സെക്രട്ടറി പങ്കെടുക്കും. എല്ലാ ഇടതുപക്ഷ കക്ഷികളും ഐക്യത്തിന് പിന്തുണയുമായി രംഗത്തുണ്ട്. ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ പാര്‍ട്ടി സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ബിജെപിയെ അധികാരത്തില്‍ നിന്നും ഒഴിവാക്കുന്നതിനാണ് പ്രഥമ പരിഗണന. ഇതിന്റെ അടിസ്ഥാനത്തിലാകും സീറ്റ് വീതം വയ്ക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുകയെന്നും ഡി രാജ വ്യക്തമാക്കി. ഇന്നത്തെ പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ ഇക്കാര്യങ്ങളില്‍ ധാരണ ഉണ്ടായേക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏകീകൃത സിവില്‍ കോഡ് ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള വിഷയമല്ലെന്ന് ഒരു ചോദ്യത്തിനു മറുപടിയായി ബിനോയ് വിശ്വം എംപി മറുപടി നല്‍കി. അതുല്‍കുമാര്‍ അഞ്ജാന്‍, ഡോ. കെ നാരായണ, ബാല്‍ചന്ദ്ര കാംഗോ എന്നിവരും പങ്കെടുത്തു.

eng­lish summary;People will rec­og­nize the hypocrisy of the Uni­form Civ­il Code

you may also like this video;

Exit mobile version