Site iconSite icon Janayugom Online

ജനാഭിലാഷങ്ങള്‍ പൂര്‍ത്തിയാകും; വടക്കന്‍ മേഖലാ ജാഥയ്ക്ക് സമാപനം

ജനാഭിലാഷങ്ങള്‍ പൂര്‍ത്തിയാക്കി മുന്നേറുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ഭരണം ഉറപ്പാക്കിക്കൊണ്ട് വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് സമാപനം. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിച്ച ജാഥ ഇന്നലെ തരൂര്‍ മണ്ഡലത്തിലെ വടക്കഞ്ചേരിയില്‍ സമാപിച്ചു. മധ്യ, തെക്കന്‍ മേഖലാ ജാഥകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിയിരുന്നു.
ലക്ഷക്കണക്കിന് ജനങ്ങളോട് സംവദിച്ചും ഓരോ മണ്ഡലത്തിലെയും വികസനങ്ങള്‍ ചര്‍ച്ച ചെയ്തും തുടര്‍ ഭരണം ഉറപ്പാക്കിയാണ് ജാഥയുടെ സമാപനം. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം കുമ്പളയിൽ തുടങ്ങിയ ജാഥ ഇന്നലെ രാവിലെ ചിറ്റൂരിൽ നിന്നും ആരംഭിച്ച് ഉച്ചകഴിഞ്ഞ് നെന്മാറയിലും വൈകിട്ട് ആലത്തൂർ മണ്ഡലത്തിലും പര്യടനം പൂർത്തിയാക്കിയാണ് അവസാന കേന്ദ്രമായ തരൂരിലെത്തിയത്. 

സാധാരണക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കിയും പവര്‍കട്ടില്ലാത്ത ദിവസങ്ങള്‍ സമ്മാനിച്ചും കാര്‍ഷിക മേഖലയെ പൊന്നാക്കിയും കിഫ്‌ബി ഫണ്ടിലൂടെ പൊതു ഗതാഗതം വിദേശ മാതൃകയില്‍ ശക്തിപ്പെടുത്തിയും സര്‍ക്കാര്‍ സ്കൂളുകളെ റസിഡന്‍ഷ്യല്‍ സ്കൂളുകളെക്കാള്‍ മികച്ചതാക്കിയും വേണ്ട സമയത്ത് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തും മുന്നേറുന്ന സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തണമെന്ന് ജനങ്ങള്‍ വിളിച്ചുപറയുന്നതാണ് ജാഥയിലുടനീളം കണ്ടത്.

ചിറ്റൂരിൽ നടന്ന യോഗത്തിൽ എസ് വിനോദ് ബാബു അധ്യക്ഷത വഹിച്ചു. നെന്മാറയിൽ സിപിഐ ജില്ലാ കൗൺസിൽ അംഗം വി കൃഷ്ണൻകുട്ടിയും ആലത്തൂരിൽ കെ രാമചന്ദ്രനും അധ്യക്ഷത വഹിച്ചു. സമാപന വേദിയായ വടക്കഞ്ചേരിയില്‍ പി എം അലി അധ്യക്ഷനായി. ജാഥ മാനേജരും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായ പി സന്തോഷ് കുമാർ എംപി, അംഗങ്ങളായ കെ എസ് സലീഖ‑സിപിഐ(എം), മാത്യു കുന്നപ്പള്ളി-കേരളാ കോൺഗ്രസ്-എം, പി പി ദിവാകരൻ-ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ, പി എം സുരേഷ് ബാബു-എൻസിപി, മനയത്ത് ചന്ദ്രൻ-ആർജെഡി, കാസിം ഇരിക്കൂർ‑ഐഎൻഎൽ, ബാബു ഗോപിനാഥ്-കോൺഗ്രസ്-എസ്, വടക്കോട് മോനിച്ചൻ‑കേരളാ കോൺഗ്രസ്-ബി, എ ജെ ജോസഫ്-ജനാധിപത്യ കേരളാ കോൺഗ്രസ്, നൈസ് മാത്യു-കേരള കോൺഗ്രസ് സ്കറിയാ തോമസ് എന്നിവർ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

Exit mobile version