Site iconSite icon Janayugom Online

പെരിയ ഇരട്ടക്കൊല കേസ് : 14 പ്രതികള്‍ കുറ്റക്കാര്‍, 10പേര്‍ കുറ്റവിമുക്തര്‍

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലൂം, കൃപേഷും കൊല്ലപ്പെട്ട കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. 10 പ്രതികള്‍ കുറ്റവിമുക്തരാണെന്ന് കണ്ടെത്തി. മുന്‍ ഉദുമ എംഎല്‍എ കെ വി കുഞ്ഞിരാമനും കുറ്റക്കാരനെന്ന് കണ്ടെത്തി. അദ്ദേഹം കേസിലെ 20-ാംപ്രതിയാണ്. കേസിൽ സിബിഎ പ്രത്യേക കോടതിയാണ് ഇന്ന് വിധിപറഞ്ഞത്. കേസിൽ 24 പ്രതികളാണുണ്ടായിരുന്നത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവില്‍ സിബിഐയുമാണ് കേസ് അന്വേഷിച്ചത്. ഹോസ്ദുർഗ് കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചുവെങ്കിലും തുടർനടപടി തുടങ്ങുംമുൻപേ ഹൈക്കോടതി കേസ് സിബിഐക്ക് വിടുകയായിരുന്നു. 

കുറ്റപത്രം സമർപ്പിച്ചവേളയിൽ കീഴ്‌ക്കോടതിയുടെ വിമർശനങ്ങളും ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഏറ്റുവാങ്ങിയിരുന്നു. രണ്ടുവർഷത്തോളം നടന്ന വിചാരണയാണ് സിബിഐ കോടതിയിൽ നടന്നത്. 24 പ്രതികളില്‍ 14 പേരെ ക്രൈം ബ്രാഞ്ചാണ് അറസ്റ്റുചെയ്തത്. ആദ്യം അറസ്റ്റിലായ 14 പേരില്‍ 11 പേര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും മറ്റുള്ളവര്‍ കാക്കനാട് ജയിലിലുമാണ് കഴിഞ്ഞത്. കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത്ത്‌ലാലിനെയും 2019 ഫെബ്രുവരി 17‑നാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഏച്ചിലടുക്കം റോഡില്‍ കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ബൈക്ക് തടഞ്ഞു നിര്‍ത്തിയ സംഘം കൃപേഷിനെയും ശരത്ത് ലാലിനെയും അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൃപേഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ശരത്ത് ലാല്‍ മരിച്ചത്.

Exit mobile version