ദേശീയപാത വികസനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്-കാസര്‍കോട് റൂട്ടിലെ പെരിയ ടൗണിൽ നിർമിച്ച അടിപ്പാത കോൺക്രീറ്റിനിടെ തകർന്നുവീഴാൻ കാരണം ജോയന്റ് ചെയ്തതിലെ വീഴ്ചയെന്ന് എൻഐടി സൂറത്കൽ റിപ്പോർട്ട്. കോൺക്രീറ്റിന് താങ്ങായി ഉപയോഗിക്കുന്ന ഇരുമ്പിന്റെ സ്കഫോൾഡിംഗ് പൈപ്പുകൾ തമ്മിൽ ജോയിന്റ് ചെയ്യിപ്പിച്ചത് ചെറിയ പൈപ്പുകൾ ഉപയോഗിച്ചാണ്. നനഞ്ഞ കോൺക്രീറ്റിന്റെ ഭാരം താങ്ങാൻ ഈ പൈപ്പുകൾക്കായില്ല. തുടർന്നുള്ള നിർമാണപ്രവർത്തനങ്ങളിൽ പൈപ്പുകൾ തമ്മിൽ ഇത്തരത്തിൽ ജോയന്‍ ചെയ്യുന്ന രീതി ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. സ്കഫോൾഡിംഗ് പൈപ്പുകൾ തുരുന്പിച്ചതാണ് അപകടത്തിനു കാരണമെന്ന് സംശയമുയർന്നിരുന്നു. എന്നാൽ പൈപ്പുകൾക്ക് ഒന്നരവർഷം മാത്രമേ പഴക്കമുള്ളുവെന്ന് ഇതു 15 വർഷം ഉപയോഗിക്കാൻ കഴിയുന്നതാണെന്നും കരാർ ഏറ്റെടുത്ത ഹൈദരാബാദ് ആസ്ഥാനമായ മേഘ എൻജിനിയറിംഗ് ആന്റ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് അറിയിച്ചു. പ്രഫ.കെ എസ് ബാബു നാരായണൻ നയിച്ച അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്.
റിപ്പോർട്ട് തിരുവനന്തപുരത്തെ ദേശീയപാത അതോറിറ്റിയുടെ റീജിയണൽ ഓഫീസിൽ സമർപ്പിച്ചു. ഒക്ടോബർ 29നു പലർച്ചെ 3.23നാണ് നിർമാണത്തിലിരിക്കുന്ന അടിപ്പാത തകർന്നുവീണത്. നിർമാണത്തിന്റെ 90 ശതമാനവും പൂർത്തിയാക്കികഴിഞ്ഞപ്പോഴാണ് പാലത്തിന് ആദ്യം ഇളക്കംതട്ടുന്നത്. പിന്നീട് 18 സെക്കന്റിനുള്ളിൽ പാലം പൂർണമായും നിലംപൊത്തുകയായിരുന്നു. ആ സമയം അവിടെയുണ്ടായിരുന്ന 13 തൊഴിലാളികളെയും വലിയ ദുരന്തത്തിൽ നിന്നും രക്ഷപെടാൻ സഹായിച്ചു.
English Summary: Periya underpass collapse: NIT report states that collapse of joint pipes was the cause of the accident
You may also like this video