Site iconSite icon Janayugom Online

രാജ്യംവിട്ട സാമ്പത്തിക കുറ്റവാളികള്‍ക്ക് മടങ്ങിവരാന്‍ അനുമതി: കേന്ദ്രത്തിന്റെ നിലപാടുതേടി

സാമ്പത്തിക കുറ്റവാളികള്‍ പണം തിരിച്ചടയ്ക്കാന്‍ തയാറായാല്‍ അവര്‍ക്കെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ നിര്‍ത്തിവച്ച് ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ അനുമതി നല്‍കുന്നതില്‍ കേന്ദ്രത്തിന്റെ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി. ആയിരക്കണക്കിന് രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി വിവിധ രാജ്യങ്ങളിലേക്ക് കടന്ന സാമ്പത്തിക കുറ്റവാളികളെ വര്‍ഷങ്ങളായി സിബിഐയും എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും പിന്തുടരുകയാണ്. നിയമ നടപടികള്‍ക്കായി വര്‍ഷങ്ങളോളം സമയം ചെലവഴിക്കുന്നുണ്ടെങ്കിലും ഇവരെ തിരിച്ചെത്തിക്കുന്നതില്‍ അന്വേഷണ ഏജന്‍സികള്‍ പരാജയപ്പെട്ടുവെന്ന് ജസ്റ്റിസുമായ സഞ്ജയ് കിഷന്‍ കൗള്‍, എം എം സുന്ദരേശ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ അവര്‍ പണം നല്‍കാന്‍ തയാറായി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയാല്‍ അവര്‍ക്ക് അറസ്റ്റില്‍ നിന്ന് ഉള്‍പ്പെടെ സംരക്ഷണം നല്‍കുന്ന കാര്യം സര്‍ക്കാരിന് പരിഗണിക്കാം. 

14,500 കോടിയുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ അന്വേഷണ ഏജന്‍സികള്‍ തേടുന്ന സ്റ്റെര്‍ലിങ് ഗ്രൂപ്പിന്റെ സ്ഥാപകരില്‍ ഒരാളായ ഹേമന്ത് എസ് ഹാഥിയുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. പണം തിരിച്ചടയ്ക്കാന്‍ തയാറാണെന്നും എന്നാല്‍ രാജ്യത്ത് തിരിച്ചെത്തിയാല്‍ നിയമനടപടികളില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹേമന്ത് കോടതിയെ സമീപിച്ചത്. കോടിക്കണക്കിന് രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട വ്യവസായികളായ വിജയ് മല്യയെയും നീരവ് മോഡിയെയും തിരികെ എത്തിക്കുന്നതിന് അന്വേഷണ ഏജന്‍സികള്‍ വര്‍ഷങ്ങളായി ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. 

ENGLISH SUMMARY:Permission to return fugi­tives who left the country
You may also like this video

Exit mobile version