നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്ക് അനുമതി വൈകിപ്പിക്കുന്ന ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുള്ള സംസ്ഥാന സര്‍ക്കാരിന്റെ രണ്ടു ഹര്‍ജികള്‍ പിന്‍വലിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ജസ്റ്റിസുമാരായ പി എസ് നരസിംഹ, എ എസ് ചന്ദുര്‍ക്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.
ഹര്‍ജികള്‍ പിന്‍വലിക്കുക അത് മാത്രമാണ് ആവശ്യമെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു.
രാഷ്ട്രപതിയുടെ റഫറന്‍സുമായി ബന്ധപ്പെട്ട കേസില്‍ ഈ ഹര്‍ജികളും ഉള്‍പ്പെടുത്തണം എന്ന ആവശ്യവുമായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഈ ആവശ്യത്തിനെതിരെ രംഗത്തെത്തി. എന്നാല്‍ മേത്തയുടെ എതിര്‍പ്പുകള്‍ തള്ളിയാണ് ഹര്‍ജി പിന്‍വലിക്കാന്‍ ബെഞ്ച് സംസ്ഥാനത്തിന് അനുമതി നല്‍കിയത്. ഉപാധികള്‍ ഇല്ലാതെയാകണം ഹര്‍ജി പിന്‍വലിക്കല്‍ എന്ന ബെഞ്ചിന്റെ നിര്‍ദേശം കേരളം അംഗീകരിച്ചു. ഇതോടെയാണ് കോടതി ഉത്തരവിറക്കിയത്.

