അണിഞ്ഞൊരുങ്ങി, സഞ്ചാരികളെ കൂടുതലായി ആകർഷിച്ച് ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പെരുവെണ്ണാമൂഴി. ഏറെക്കാലമായി അവഗണിക്കപ്പെട്ട അവസ്ഥയിലായിരുന്നു ഈ പ്രദേശം. പശ്ചിമഘട്ടത്തോട് ചേർന്നു കിടക്കുന്ന സ്ഥലത്തിന്റെ പ്രകൃതി ഭംഗിയായിരുന്നു സഞ്ചാരികളെ ഇവിടേക്ക് ആകർഷിച്ചിരുന്നത്.
അണക്കെട്ട്, റിസർവോയർ, കുട്ടികളുടെ പാർക്ക്, പൂന്തോട്ടം, മുതല വളർത്തു കേന്ദ്രം എന്നിവയെല്ലാമുണ്ടെങ്കിലും പ്രഖ്യാപിച്ച നവീകരണ പദ്ധതികളൊന്നും നടപ്പാവാത്തതിനാൽ ഏറെ പരിതാപകരമായിരുന്നു ഇവിടുത്തെ അവസ്ഥ.
ഭക്ഷണ ശാല പൂട്ടുകയും സഞ്ചാര വഴികളെല്ലാം കാടു മൂടുകയും കുട്ടികളുടെ പാർക്ക് ഇഴ ജന്തുക്കളുടെ കേന്ദ്രമായി മാറുകയും ചെയ്തിരുന്നു. വാഹനം പോലും പാർക്ക് ചെയ്യാൻ സൗകര്യമില്ലാതെ വന്നതോടെ സഞ്ചാരികൾ ഈ വിനോദ സഞ്ചാര കേന്ദ്രത്തെ കൈയ്യൊഴിയുകയായിരുന്നു.
ഈ ദുരവസ്ഥകളെല്ലാം മാറിക്കഴിഞ്ഞു. വിനോദസഞ്ചാര വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന നടപ്പിലാക്കിയ 3.13 കോടി രൂപയുടെ ടൂറിസം വികസന പദ്ധതിയാണ് പ്രദേശത്തിന്റെ മുഖച്ഛായ മാറ്റിയത്.
കാന്റീൻ, വാഹന പാർക്കിംഗ് ഏരിയ, ടൈൽ പാകിയ നടപ്പാത, കുട്ടികളുടെ മനോഹരമായ പാർക്ക്, വൈദ്യുത വിളക്കുകൾ, ഇന്റർപ്രെട്ടേഷൻ സെന്റർ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. പൂന്തോട്ടം അതിമനോഹരമായ രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികളെ വരവേൽക്കാൻ രണ്ട് സോളാർ ബോട്ടുകളും ഇവിടെയുണ്ട്.
പതിനാല് കിലോമീറ്റർ ദൂരമള്ള റിസർവോയറിലൂടെ ചക്കിട്ടപ്പാറ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഒരുക്കിയ ബോട്ടിൽ സഞ്ചരിക്കാം. അമ്പത് ലക്ഷം രൂപ ചെലവിൽ വാങ്ങിയ ബോട്ടുകളിലൊന്നിൽ ഇരുപത് പേർക്കും മറ്റേതിൽ പത്തുപേർക്കും സഞ്ചരിക്കാം. അര മണിക്കൂർ നേരത്തെ യാത്രയ്ക്ക് ഒരാൾക്ക് 150 രൂപയാണ് നിരക്ക്.
ജി എസ് ടി ഉൾപ്പെടെ ഒരാൾക്ക് 177 രൂപയാകും. പ്രകൃതി മനോഹരമായ പക്ഷി സങ്കേതമായ പക്ഷിത്തുരുത്ത് ഉൾപ്പെടെയുള്ള ദ്വീപുകൾ ചുറ്റി ബോട്ടിൽ സഞ്ചരിക്കാം. എല്ലാദിവസവും രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് ബോട്ട് സർവ്വീസ് നടത്തുന്നത്. ആറു മണിവരെയാണ് ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം.
English summary;Peruvannamoozhi ready to attracts tourists
You may also like this video;