മോഡി സര്‍ക്കാരിന്റെ നോട്ട് നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണിയുടെ ആവശ്യം അമ്പരപ്പിക്കുന്നതെന്ന് സുപ്രീം കോടതി. 2016 നവംബര്‍ എട്ടിന് പഴയ 500, 1000 നോട്ടുകള്‍ പൊടുന്നനെ നിരോധിച്ച സര്‍ക്കാര്‍ ഇക്കാര്യത്തിലെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെടുന്നത് അമ്പരപ്പിക്കുന്നു എന്നായിരുന്നു കോടതിയുടെ പ്രതികരണം. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ബി ആര്‍ ഗവായ്, എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബി വി നാഗരത്‌ന എന്നിവരുള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് പരിഗണിക്കുന്നത്.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന നിരവധി ചോദ്യങ്ങളില്‍ പാര്‍ലമെന്റില്‍ നിന്നും ഒളിച്ചോടിയ സര്‍ക്കാര്‍ സുപ്രീം കോടതിയിലും സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
സാധാരണയായി ഭരണഘടനാ ബെഞ്ച് കേസുകള്‍ അവധിക്ക് വയ്ക്കാറില്ല. വാദം തുടങ്ങിയാല്‍ അത് ബെഞ്ചിനു മുന്നില്‍ പൂര്‍ത്തിയാക്കണം. കേസ് നീട്ടണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം ആശ്ചര്യജനകമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം മാനിച്ച് കേസ് ഈമാസം 24ലേക്ക് മാറ്റിവയ്ക്കുകയും ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരോ റിസര്‍വ് ബാങ്കോ സമഗ്രമായ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്ന് കേസ് കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ മുന്‍ ധനമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ പി ചിദംബരം കോടതിക്ക് മുന്നില്‍ ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും ആര്‍ബിഐക്കും നിര്‍ദ്ദേശം നല്‍കിയത്. ഒരാഴ്ചത്തെ കാലാവധിക്കുള്ളില്‍ സത്യവാങ്മൂലം കോടതിക്ക് ലഭിക്കണം. വിശദമായ പരിശോധനകള്‍ക്ക് ഉപകരിക്കുന്നതാകണമെന്നും അത്തരത്തിലല്ലെങ്കില്‍ കേസ് നടപടികള്‍ വൈകുമെന്നും പറഞ്ഞ കോടതി വിവരങ്ങള്‍ നല്‍കുന്നതിനുള്ള കാലതാമസത്തിലെ അതൃപ്തിയും വ്യക്തമാക്കി.