Site icon Janayugom Online

2017ന് മുമ്പുള്ള കടമെടുപ്പ് പരിധി ; പുനഃസ്ഥാപിക്കണം

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി 2017ന് മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭരണഘടനാ വ്യവസ്ഥകളിൽ നിന്നുള്ള വ്യതിയാനങ്ങളും സുപ്രധാന കേന്ദ്ര‑സംസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ സംബന്ധിച്ചുമാണ് നിവേദനം നൽകുക. ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്തതും സംസ്ഥാനം അഭിമുഖീകരിക്കുന്നതുമായ പ്രധാന പ്രശ്നങ്ങൾ നിവേദനമായി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സർക്കാർ ഗ്യാരണ്ടികളുടെ പിൻബലത്തിൽ എടുക്കുന്ന വായ്പകൾ സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള ബാധ്യതകളല്ല. അവയെ സംസ്ഥാനത്തിന്റെ ആകസ്മിക ബാധ്യതയായി മാത്രമേ കണക്കാക്കാനാകൂ.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ചില പ്രത്യേക ഉദ്ദേശ സ്ഥാപനങ്ങളായ കിഫ്ബി, കെഎസ്എസ്‌പിഎൽ മുതലായവ എടുക്കുന്ന എല്ലാ കടമെടുപ്പുകളും സംസ്ഥാന സർക്കാരിന്റെ പൊതുകടത്തിലാണ് ഇപ്പോൾ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ, സമാന സ്ഥാപനങ്ങൾ എന്നിവ എടുക്കുന്ന വായ്പകൾക്ക് ഇത് ബാധകമാക്കിയതും ഇല്ല. ഫെഡറൽ തത്വങ്ങളുടെ ലംഘനമായ ഈ നടപടി സംസ്ഥാനത്തിന്റെ വികസനത്തിന് തടസമാണ്.

ഈ സാഹചര്യത്തിലാണ് പൊതുകണക്കിനത്തിലെ എല്ലാ നീക്കിയിരിപ്പുകളും സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകളും സംസ്ഥാന സർക്കാരിന്റെ തനി കടമെടുപ്പ് പരിധി നിശ്ചയിക്കുന്നതിൽ ഉൾപ്പെടുത്തുന്ന തീരുമാനം പുനഃപരിശോധിച്ച് 2017ന് മുന്‍പത്തെ സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുന്നത്.

ഭരണഘടനയുടെ തെറ്റായ വ്യാഖ്യാനം

ഭരണഘടനയുടെ അനുച്ഛേദം 293(3) നെ തെറ്റായി വ്യാഖ്യാനിച്ചാണ് കടമെടുപ്പ് പരിധി 2017ൽ കേന്ദ്രസർക്കാർ തീരുമാനിച്ചത്. പരിധി കണക്കാക്കുമ്പോൾ പൊതു കണക്കിനത്തിൽ നീക്കിയിരിപ്പായി വരുന്ന തുകയെ സംസ്ഥാനത്തിന്റെ പൊതുകടത്തിലുൾപ്പെടുത്താനായിരുന്നു തീരുമാനം. അതനുസരിച്ച് സംസ്ഥാന പൊതുമേഖലാ കമ്പനികൾ‑കോർപറേഷനുകൾ, പ്രത്യേക ഉദ്ദേശ സ്ഥാപനങ്ങൾ എന്നിവ സംസ്ഥാന ബജറ്റ് വഴിയോ അവർക്കായി നിശ്ചയിച്ചു നൽകിയ സംസ്ഥാനത്തിന്റെ നികുതി/സെസ്/ ഏതെങ്കിലും തരത്തിലുള്ള സംസ്ഥാന വരുമാനം എന്നിവ വഴിയോ തിരിച്ചടയ്ക്കുന്ന വായ്പകൾ, അനുച്ഛേദം 293(3) പ്രകാരം കടമെടുപ്പിനുള്ള സമ്മതപത്രം പുറപ്പെടുവിക്കുമ്പോൾ സംസ്ഥാനം എടുത്ത കടമായി കണക്കാക്കണമെന്നാണ് കേന്ദ്ര സർക്കാർ വ്യവസ്ഥ ചെയ്തിട്ടുള്ളത്.

Eng­lish Sum­ma­ry: peti­tion for bor­row­ing lim­it should be restored to pre­vi­ous status
You may also like this video

Exit mobile version