Site iconSite icon Janayugom Online

എത്തനോള്‍ കലര്‍ന്ന പെട്രോളിയം: സുപ്രീം കോടതി വാദം കേള്‍ക്കും

20% എത്തനോൾ കലർന്ന പെട്രോൾ രാജ്യവ്യാപകമായി പുറത്തിറക്കുന്നതിനെതിരായ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി. രാജ്യവ്യാപകമായി 20 ശതമാനം എത്തനോൾ കലർന്ന പെട്രോൾ (ഇബിപി-20) നടപ്പിലാക്കുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാല്പര്യ ഹർജി കോടതി പരിഗണിക്കും.
ദശലക്ഷക്കണക്കിന് യാത്രക്കാര്‍ തങ്ങളുടെ വാഹനങ്ങളുമായി പൊരുത്തപ്പെടാത്ത ഇന്ധനം ഉപയോഗിക്കാൻ നിർബന്ധിതരാകുന്നുവെന്നാണ് ഹര്‍ജിക്കാരന്റെ ഹര്‍ജി. രാജ്യത്തുടനീളമുള്ള എല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും എത്തനോൾ രഹിത പെട്രോളിന്റെ ലഭ്യത ഉറപ്പാക്കാൻ പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന് നിർദ്ദേശം നല്‍കണമെമെന്നും ഹര്‍ജിയില്‍ പറയുന്നു.
ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. എല്ലാ പെട്രോൾ പമ്പുകളിലും ഡിസ്പെൻസിങ് യൂണിറ്റുകളിലും എത്തനോൾ അളവ് വ്യക്തമായി കാണുന്നതിനായി ലേബൽ ചെയ്യുന്നത് നിർബന്ധമാക്കണമെന്നും പൊതുതാൽപര്യ ഹർജി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഇന്ധനം നിറയ്ക്കുന്ന സമയത്ത് വാഹനങ്ങളുടെ എത്തനോൾ അനുയോജ്യതയെക്കുറിച്ച് വാഹനമോടിക്കുന്നവരെ അറിയിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഹർജിയിൽ പറയുന്നു.

Exit mobile version