Site iconSite icon Janayugom Online

ബ്രഹ്മോസ് മിസൈലുകള്‍ ഫിലിപ്പീന്‍സ് വാങ്ങുന്നു

ഫിലിപ്പീന്‍സ് നാവികസേനയ്ക്ക് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വില്‍ക്കുന്നതിനുള്ള 374 മില്യണ്‍ ഡോളറിന്റെ (ഏകദേശം 3000 കോടി രൂപ) കരാറില്‍ ഇന്ത്യയും ഫിലിപ്പീന്‍സും ഒപ്പുവെച്ചു. ബ്രഹ്മോസ് എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡ് (ബിഎപിഎല്‍) ഡയറക്ടര്‍ ജനറല്‍ അതുല്‍ ദിനകര്‍ റാണെയും ഫിലിപ്പീന്‍സ് നാഷണല്‍ ഡിഫന്‍സിലെ പ്രതിരോധ സെക്രട്ടറി ഡെല്‍ഫിന്‍ ലോറെന്‍സനയും ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങിലാണ് കരാര്‍ ഒപ്പിട്ടത്. ദിവസങ്ങൾക്ക് മുൻപാണ് ബ്രഹ്മോസ് മിസൈലിന്റെ പരിഷ്കരിച്ച പതിപ്പിന്റെ പരീക്ഷണം വിജയകരമായി നടന്നത്. ഇന്ത്യയുടെ ആദ്യത്തെ സൈനിക കയറ്റുമതിയാണിത്.

അന്തര്‍വാഹിനികള്‍, കപ്പല്‍, വിമാനങ്ങള്‍ എന്നിവയില്‍ നിന്നോ കരയില്‍ നിന്നോ വിക്ഷേപിക്കാന്‍ കഴിയുന്ന സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളാണ് ഇന്ത്യ‑റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ്. മണിക്കൂറിൽ 3,200 കിലോമീറ്ററാണ് വേഗം. ഭാരം 2500 കിലോയും. 300 കിലോമീറ്ററാണ് സൂക്ഷ്മമായ ആക്രമണത്തിന്റെ ദൂരപരിധി. ഒരേ സമയം 16 മിസൈലുകൾ വരെ തൊടുക്കാനാകും. ക്രൂയിസ് മിസൈലായ ഇത് മൂന്ന് സെക്കന്റിന്റെ ഇടവേളകളിൽ തൊടുത്ത് കൃത്യമായ ലക്ഷ്യത്തിലെത്തിക്കാനും കഴിയും. ഫിലിപ്പീന്‍സിന് ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മിച്ച് നല്‍കാനുള്ള മൂവായിരം കോടിയുടെ കരാറിന് കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു. നിരവധി രാജ്യങ്ങള്‍ ബ്രഹ്മോസ് വാങ്ങാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. തായ്‌ലന്‍ഡ്, ഇന്തോനേഷ്യ രാജ്യങ്ങളുമായുള്ള ചര്‍ച്ച പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലഡാക്കിലെയും അരുണാചല്‍ പ്രദേശിലെയും ചൈനയുമായുള്ള നിയന്ത്രണ രേഖയിലെ തന്ത്രപ്രധാനമായ നിരവധി സ്ഥലങ്ങളില്‍ ഇന്ത്യ നിരവധി ബ്രഹ്മോസ് മിസൈലുകള്‍ വിന്യസിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry : Philip­pines by brah­mos from India

you may also like this video :

Exit mobile version