ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി എടുക്കുന്നത് നിരോധിക്കാന്‍ ഒരുങ്ങി യുഐഡിഎഐ. നിലവില്‍ ഹോട്ടലുകള്‍, ഇവന്റ് സംഘാടകര്‍ അടക്കം നിരവധി സ്ഥാപനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്ക് സമീപിക്കുമ്പോള്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി ചോദിക്കുന്നത് പതിവാണ്. ഇത് സ്വകാര്യ വിവരങ്ങള്‍ ചോരുന്നതിന് കാരണമാകുന്നുണ്ട് എന്ന് വിലയിരുത്തി ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി എടുക്കുന്നത് നിരോധിച്ച് പുതിയ സംവിധാനം സജ്ജമാക്കാന്‍ ഒരുങ്ങുകയാണ് യുഐഡിഎഐ.
ഇതിന്റെ ഭാഗമായി പുതിയ ചട്ടം നടപ്പാക്കുമെന്ന് യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാറിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോട്ടോകോപ്പികള്‍ സൂക്ഷിക്കുന്ന നിലവിലെ രീതി തന്നെ ആധാര്‍ നിയമത്തിന്റെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോട്ടലുകള്‍ ഉള്‍പ്പെടെ ആധാര്‍ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷന്‍ നടത്തുന്ന സ്ഥാപനങ്ങള്‍ യുഐഡിഎഐ കൊണ്ടുവരുന്ന പുതിയ ആപ്പിലേക്ക് മാറണം. ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി എടുക്കുന്നതിന് പകരം പുതിയ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയും പുതിയ സ്ഥീരീകരണ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയും വേണമെന്നും ഭുവനേഷ് കുമാര്‍ പറയുന്നു. ഇതിന്റെ ഭാഗമായി പുതിയ ചട്ടത്തിന് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ക്യുആര്‍ കോഡ് സ്‌കാനിങ് വഴിയോ നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ആധാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ സിസ്റ്റം പരിശോധന സാധ്യമാക്കുന്ന തരത്തിലാണ് പുതിയ സംവിധാനം വരാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പുതിയ ചട്ടം അതോറിറ്റി അംഗീകരിച്ചിട്ടുണ്ട്, ഉടന്‍ തന്നെ ഇതുസംബന്ധിച്ച് അറിയിപ്പ് വരും. ഹോട്ടലുകള്‍, ഇവന്റ് സംഘാടകര്‍ തുടങ്ങി ഓഫ്ലൈന്‍ മാതൃകയില്‍ ആധാര്‍ സ്ഥിരീകരണം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ആപ്പ് വഴിയുള്ള രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. പേപ്പര്‍ അധിഷ്ഠിത ആധാര്‍ പരിശോധന നിരുത്സാഹപ്പെടുത്തുക എന്നതാണ് ലക്ഷ്യം,’- ഭുവനേഷ് കുമാര്‍ പറഞ്ഞു.

