Site icon Janayugom Online

ശാരീരിക അളവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

പിഎസ്‌സി മുഖേനയുള്ള തിരഞ്ഞെടുപ്പുകളില്‍ ശാരീരിക അളവ് നിഷ്കര്‍ഷിക്കുന്ന തസ്തികകളിലേക്ക് അപേക്ഷയോടൊപ്പം ശാരീരിക അളവ് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. സര്‍ക്കാര്‍/എയ്ഡഡ് കോളജുകളിലെ സ്ഥിരം കായിക അധ്യാപകരില്‍ നിന്നാണ് ഇത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഉദ്യോഗാര്‍ത്ഥികള്‍ വാങ്ങേണ്ടത്. നിഷ്കര്‍ഷിച്ചിട്ടുള്ള ശാരീരിക അളവ് ഇല്ലാത്ത വലിയൊരു ശതമാനം ഉദ്യോഗാര്‍ത്ഥികള്‍ ഇത്തരം തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്ന തെറ്റായ പ്രവണതയുണ്ടെന്ന് പിഎസ്‌സി സര്‍ക്കാരിനെ അറിയിച്ചിരുന്നു.

ഇതിന്റെ ഫലമായി തിരഞ്ഞെടുപ്പ് നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനും തടസം നേരിടുന്നതായും കൂടുതല്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായും പിഎസ്‌സി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി കായികാധ്യാപകരെ ചുമതലപ്പെടുത്തി ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ഉത്തരവിറക്കിയത്. ശാരീരിക അളവുകളും തീയതിയും രേഖപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടത്.

Eng­lish Sum­ma­ry: Phys­i­cal Mea­sure­ment Cer­tifi­cate is mandatory
You may also like this video

Exit mobile version