Site iconSite icon Janayugom Online

പിരാന്തരുടെ പാട്ടുപുത്തോം

ammaamma

മാറിലെ അർബുദമുഴോളെ
തടവിയിരിക്കെ അമ്മ
കഥയില്ലാത്തോര്ടെ കഥ പറേണ്
ആ കഥകളേലെന്നേം
അമ്മേനേം
ആരോ വേരോടെ പിഴുതെറിയണ്
കെണറുവെള്ളത്തേല്
പൊന്തിക്കിടന്ന അപ്പന്റെ ശവം
എന്റെ വാറുപൊട്ടിയ
റബ്ബർച്ചെരുപ്പിനെ നോക്കി
കണ്ണുരുട്ടണ്
ചാവുനെലങ്ങളില്
ചായസൽക്കാരം നടത്തണ
തൈവങ്ങള്
അമ്മേന്റെ
അടിപ്പാവാടേടെ ചരട്
വലിച്ചഴിച്ച് ചിരിക്കെണ്
ബാർസോപ്പിന്റെ വാടയൊള്ള
കൊളത്തിന്റെ കരേൽ
മോന്തയൂരി
മരത്തേൽ തൂക്കിയിട്ട്
ഞാള് രണ്ടാളും
കുളിച്ചങ്ങനെയിരിക്കുമ്പം
പൊട്ടിച്ചിരിച്ചും കൊണ്ടൊരാള്
ഞാളെ മൊഖമൂരിയെട്ത്ത്
വിലയ്ക്ക് വെക്കണ്
ചൊറിയണവള്ളിയേല് കാല് കുടുങ്ങി
കരിക്കലത്തിൽ ഉടല് കുടുങ്ങി
മിണ്ടാണ്ടിരിക്കലുകളിൽ കുടിവെച്ച്
അമ്മേന്റെ കോതാത്ത തലമുടിലേൽ
ഞാൻ പേൻകുഞ്ഞോളം
ചെറുതായി ഒളിച്ചിരിക്കും!
ഒരൂസം എന്നേം അമ്മ ചീകിക്കൊല്ലും
ഒറ്റശബ്ദം കൊണ്ട് ചാവാതെ
അമ്മേനെ ഞാൻ ഞെളിപിരികൊള്ളിക്കും
അമ്മേന്റെ കറുത്ത ചുണ്ടേലെ
ചോരവറ്റണവരെ
പ്രാക്കുകളുടെ അക്ഷരമാല
ഞാൻ കേട്ടിരുന്നു പഠിക്കും
അമ്മേന്റെ മുലക്കണ്ണ് ചുരുങ്ങമ്പം
കാലന്റെ കയറ് നരച്ചുപോവുമ്പം
അങ്ങാരുടെ കാല് വിണ്ടുപൊട്ടുമ്പം
ഞാൻ ഭൂമീടെ കഴുത്തുഞെരിക്കും
മണ്ണും മനുഷ്യരും പല്ലുറുമ്മും
ഞാൻ അവരുടെ പല്ല് പറിക്കും
പാഠപുസ്തകങ്ങളിലെ അക്ഷരങ്ങളെ
മായ്ച്ചുകളഞ്ഞിട്ട്,
ചത്ത ചിലന്തികളെ പതിച്ചുവെക്കും
അമ്മേന്റെ വിളക്കിൽ ഞാൻ
ഇരുട്ട് കത്തിക്കും
ഉറുമ്പരിക്കും പോലെ
അമ്മേന്റെ മൊഴേൽ ഞാനുമ്മവയ്ക്കും! 

Exit mobile version