വയനാട് ചുണ്ടേല്‍ ആനപ്പാറയില്‍ വിഹരിക്കുന്നത് ഒന്നിലധികം കടുവകള്‍. അമ്മക്കടുവയും മൂന്ന് കുട്ടിക്കടുവകളുമുള്ളതായി വനംകുപ്പ് സ്ഥിരീകരിച്ചു. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞ കടുവകളുടെ ചിത്രം പുറത്ത് വന്നു. കഴിഞ്ഞ ദിവസം പ്രദേശത്തെ മൂന്നു പശുക്കളെ കടുവ ആക്രമിച്ചിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കടുവ ആനപ്പാറ സ്വദേശി നൗഫലിന്റെ മൂന്നു പശുക്കളെ കൊന്നത്. ചെമ്പ്രമലയുടെ താഴെ ആണ് ഈ പ്രദേശം. വനവും തേയിലത്തോട്ടങ്ങളുമാണ് വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രം. കൊന്ന പശുക്കളില്‍ ഒന്നിനെ ഇരയായി വെച്ച് ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചു. ഇതിലാണ് രണ്ടുചിത്രങ്ങള്‍ കുടുങ്ങിയത്. ഒന്നില്‍ ഒരു കടുവയും മൂന്ന് കുട്ടികളുമാണുള്ളത്.
കൂടുതല്‍ കടുവകള്‍ ഉള്ളതിനാല്‍ കൂടു വയ്ക്കുന്നതില്‍ നിയമതടസം ഉണ്ടെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. 500ലധികം കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയാണിത്. മാത്രമല്ല, ഇവിടെ നിരവധി പാടികളുമുണ്ട്. കടുവയെ പേടിച്ച് തോട്ടം തൊഴിലാളികള്‍ ജോലി ചെയ്യാന്‍ ഭയക്കുകയാണ്. എത്രയും വേഗം കടുവകളെ തുരത്തണമെന്നാണ് ആവശ്യമുയരുന്നത്. വനപാലകര്‍ പ്രദേശത്തു നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം, കൂടുവെക്കാന്‍ നിയമ തടസങ്ങള്‍ ഉള്ളതായി മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. തള്ളക്കടുവയും മൂന്ന് കുട്ടികളുമാണുള്ളത്. കുട്ടികള്‍ കൂടി ഉള്ളതുകൊണ്ടാണ് നിയമ പ്രശ്നം. പ്രശ്നപരിഹാരത്തിന് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും, കൂട് വെയ്ക്കാനുള്ള അനുമതി നല്‍കാന്‍ വകുപ്പ് ഹെഡ് കോട്ടേഴ്സ് തലത്തില്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.