Site iconSite icon Janayugom Online

കാലവും ജീവിതവും തുടിക്കുന്ന ചിത്രങ്ങൾ: ശ്രദ്ധേയമായി ഫോട്ടോ പ്രദർശനം

exihibitionexihibition

1987 ലായിരുന്നു കോഴിക്കോട് നഗരത്തെ ഞെട്ടിച്ച ലൈംഗിക തൊഴിലാളിയായ കുഞ്ഞിവിയുടെ മരണം സംഭവിക്കുന്നത്. ലോക്കപ്പിൽ തൂങ്ങി മരിച്ചുവെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ നിയമം ആരാച്ചാരാകുമ്പോൾ എന്ന ക്യാപ്ഷനിൽ പ്രസിദ്ധീകരിച്ച സി ചോയിക്കുട്ടിയുടെ ഫോട്ടോ മരണത്തിന്റെ നേർസാക്ഷ്യമായി. കാലുകൾ നിലത്തു കുത്തി കമ്പിയഴികളിൽ കൈതാങ്ങി നിൽക്കുന്ന ചിത്രം മരണത്തിലെ അസ്വാഭാവികത തുറന്നുകാട്ടി. മരണം കൊലപാതകമാണെന്ന് തെളിയിക്കാൻ ഈ ചിത്രം മതിയായിരുന്നു. ഇതേ തുടർന്ന് കസ്റ്റഡി മരണത്തിനെതിരെ നഗരത്തിൽ പ്രതിഷേധങ്ങൾ അലയടിച്ചു. ഇത്തരത്തിൽ കാലവും ജീവിതവും തുടിക്കുന്ന ഫോട്ടോകളാണ് സീനിയർ ജേർണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ഒരുക്കിയ സീനിയർ ഫോട്ടോഗ്രാഫർമാരുടെ ഫോട്ടോ പ്രദർശനത്തിലുള്ളത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ വീട്ടിൽ നിന്നിറങ്ങുന്ന ഇ എം എസിന്റെ ചിത്രം പകർത്തിയത് എം കുര്യാക്കോസാണ്. ഇടുക്കി ഡാമിൽ വെള്ളം നിറയ്ക്കുന്നതിന് മുമ്പുള്ള ദൃശ്യം ക്യാമറയിൽ ഒപ്പിയെടുത്തത് എം ടി സേവിയറാണ്.
1987 ലെ നെഹ്റു കപ്പ് ഫുട്ബോൾ മത്സരം കാണാൻ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിറഞ്ഞു കവിഞ്ഞ വനിതാ കാണികളുടെ ദൃശ്യവും വേറിട്ട കാഴ്ചാനുഭവമാണ്. വി ആലിയാണ് ഈ ചിത്രം പകർത്തിയത്. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലെ മായാത്ത കറുപ്പായ, ബാബരി മസ്ജിദ് കർസേവകർ പൊളിച്ചു മാറ്റുന്ന ദൃശ്യം സാഹസികമായി ഒപ്പിയെടുത്തത് പി മുസ്തഫയാണ്. ഉത്തർപ്രദേശിൽ വർഗീയ കലാപത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പൊലീസ് വാഹനത്തിലേക്ക് കയറ്റുന്ന സരസ്വതി ചക്രവർത്തിയുടെ ഫോട്ടോയും കാഴ്ചക്കാരെ അസ്വസ്ഥരാക്കുന്നതാണ്. നക്സൽ പ്രവർത്തനത്തിന് അറസ്റ്റിലായ പത്തൊൻപത് വയസ്സുള്ള അജിതയെ മാനന്തവാടി പൊലീസ് സ്റ്റേഷൻ പരിസരത്ത് പൊതുജനത്തിന് കാണുന്നതിനായി സ്റ്റൂളിൽ കയറ്റി പ്രദർശിപ്പിക്കുന്ന കെ അരവിന്ദന്റെ ഫോട്ടോ, മിഠായിത്തെരുവിൽ പടക്കക്കടയ്ക്ക് തീപിടിച്ചതിനെത്തുടർന്നുണ്ടായ സ്ഫോടനത്തിന്റെ രാമചന്ദ്രൻ പകർത്തിയ ദൃശ്യം, മുത്തങ്ങയിൽ ആദിവാസികളെ ഒഴിപ്പിക്കാനെത്തിയ പൊലീസ് ആദിവാസികളുമായി ഏറ്റുമുട്ടുന്ന ടി മോഹൻദാസിന്റെ ഫോട്ടോ എന്നിവയെല്ലാം അത്യപൂർവ്വമായ ചരിത്രക്കാഴ്ചകളുടെ പാഠപുസ്തകമാവുകയാണ്.
നടനാചാര്യനും നാടകാചാര്യനും എന്ന ക്യാപ്ഷനിൽ കോഴിക്കോട്ട് നടന്ന നാടകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ തിലകൻ കെ ടി മുഹമ്മദിന്റെ ചിത്രം ക്യാമറയിൽ പകർത്താൻ ശ്രമിക്കുന്ന രമേഷ് കുറുപ്പിന്റെ ഫോട്ടോ, കടുത്ത വേനലിൽ ഭാരതപ്പുഴ വറ്റി വരണ്ടപ്പോൾ ശുദ്ധജലം തേടിയെത്തിയ കുടുംബം മണൽ കുഴികളുണ്ടാക്കി ശുദ്ധജലം ശേഖരിക്കുന്ന ഡൊമിനിക് സെബാസ്റ്റ്യന്റെ ഫോട്ടോ, തൃശ്ശൂരിൽവെള്ളപ്പൊക്കത്തൽ കുടുങ്ങിയ രോഗിയായ വൃദ്ധയെ ചെമ്പിൽ രക്ഷപ്പെടുത്തുന്ന കെ കെ രുദ്രാക്ഷന്റെ ഫോട്ടോ എന്നിവയെല്ലാം ഏറെ ശ്രദ്ധേയങ്ങളാണ്. ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്ത പ്രദർശനം ആറ് വരെ തുടരും.

Eng­lish Sum­ma­ry: Pic­tures That Beat Time and Life: A Remark­able Pho­to Exhibition

You may like this video also

Exit mobile version