Site iconSite icon Janayugom Online

വനംവിട്ട് നാട്ടിലിറങ്ങിയ മരതകപ്രാവ് കൗതുകമായി

ആളനക്കം കണ്ടാല്‍ പറന്ന് മറയുന്ന മരതകപ്രാവിന്റെ രക്ഷകനായി മാറിയിരിക്കുകയാണ് ചോറ്റുപാറ സ്വദേശി അശോകന്‍. ചോറ്റുപാറ പാറയ്ക്കല്‍പുത്തന്‍വീട്ടില്‍ പി എസ് അശോകനും, മകന്‍ അരുണും കൂടി വീടിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഏലത്തോട്ടത്തില്‍ പണി ചെയ്യുന്നതിനിടയിലാണ് ഇവരുടെ മുമ്പിലേയ്ക്ക് മരതകപ്രാവ് പറന്ന് വീണത്. കാഴ്ചയില്‍ കൗതുകം ജനിച്ചതോടെ ഇതിനെ എടുക്കുത്തുവെങ്കിലും പറന്ന് പോകാതെ അശോകന്റെ കൈകളില്‍ തന്നെ ഇരുന്നു. കാഴ്ചയില്‍ പ്രാവിനെ പോലിരിക്കുന്നതെങ്കിലും നിറത്തിലും വലുപ്പത്തിലും ഏറെ വിത്യാസം കണ്ടതോടെ ഇതിനെ എടുത്ത് ആഹാരവും വെള്ളവും നല്‍കുകയും മുമ്പ് തത്തയെ വളര്‍ത്തിയ കൂട്ടിലാക്കുകയും ചെയ്തു. തമിഴ്‌നാടിന്റെ സംസ്ഥാന പക്ഷിയായ മരതകപ്രാവിനെ ഓമനപ്രാവ്, പൊട്ടന്‍ ചെങ്ങാലി എന്നി പേരുകളിലും അറിയപ്പെടുന്നു. 

കാല്‍ക്കൊഫാപ്‌സ് ഇന്‍ഡിക്ക എന്നാണ് ഇതിന്റെ ശാസ്ത്രനാമം. കേരളം, മൈസൂര്‍, ബംഗാള്‍, ബീഹാര്‍, ഒറീസ, ആന്ധ്ര എന്നിവിടങ്ങളില്‍ ഇവ വളരെ അധികമായി കാണുന്നു. തവിട്ടു കലര്‍ന്ന പാടല നിറമാണ് മൊത്തത്തില്‍ പ്രാവിനുള്ളത്. ശരീരത്തിന്റെ മുകള്‍ ഭാഗത്തിന് തിളങ്ങുന്ന പച്ച നിറവും, തലയുടെ മുകള്‍ ഭാഗത്തിന് വെള്ള നിറവും. വാല്‍ ചെറുതും കറുപ്പുനിറമുള്ളതുമാണ്. കാടുകളിലും വൃക്ഷങ്ങള്‍ ഇടതിങ്ങിയ പ്രദേശങ്ങളിലും ഇവ അധികമായി കാണപ്പെടുന്ന ഇവ നിലത്ത് കിടക്കുന്ന വിത്തുവകകള്‍ കൊത്തിപെറുക്കിയെടുത്താണ് ഭക്ഷണമാക്കുന്നത്. 

മനുഷ്യസാന്നിധ്യം കണ്ടാല്‍ ഉടന്‍ മരചില്ലകള്‍ക്കിടയിലേയക്ക് പറന്ന് ഒളിച്ച് രക്ഷനേടും. ഇതിനാല്‍ തന്നെ ഇവയുടെ ഫോട്ടോ എടുക്കുകയെന്നത് ഏറെ ശ്രമകരമാണ്. ആഹാരം കഴിക്കുവാന്‍ ബുദ്ധിമുട്ട് കാണിക്കുന്നതിനാല്‍ ഈ പക്ഷിയെ പറത്തി വിടുവാനുള്ള ഒരുക്കത്തിലാണ് അശോകനും കുടുംബാംഗങ്ങളും. 

You may also like this video

Exit mobile version