കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസ് കൊലക്കേസിൽ സമഗ്ര അന്വേഷണം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ പൊലീസ് കൃത്യമായി പ്രവർത്തിച്ചുവെന്നും 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്നതിൽ മോൻസ് ജോസഫ് എംഎൽഎയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
കേസുമായി ബന്ധപ്പെട്ട് പൊലീസ് ചെയ്യേണ്ട നടപടികൾ ഒരു കാലതാമസവും ഇല്ലാതെ ചെയ്തു. സംഭവസ്ഥലത്തുവെച്ച് പിടിയിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കേസിൽ സമഗ്രമായ അന്വേഷണം ഉറപ്പാക്കുന്നതിന് കേസന്വേഷണം കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. വ്യക്തമായ തെളിവുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് കാര്യക്ഷമമായും സമയബന്ധിതമായും അന്വേഷണം പൂർത്തിയാക്കിയാണ് കൊല്ലം ജില്ലാ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ഇതിനിടെയാണ് ഡോ. വന്ദന ദാസിന്റെ മാതാപിതാക്കൾ, കേസന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട്, ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കപ്പെട്ടതിനാലും മറ്റ് പ്രത്യേക കാരണങ്ങൾ കണ്ടെത്താൻ കഴിയാത്തതിനാലും ഹൈക്കോടതി ഹർജി നിരസിച്ചിരുന്നു. പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം ഇനി ഈ കേസിൽ ആവശ്യമില്ല. ഭാവിയിൽ ഇത്തരം ദൗർഭാഗ്യകരമായ നടപടികൾ ആവർത്തിക്കാതിരിക്കാൻ ഉള്ള ശ്രമമാണ് വേണ്ടത്. സംസ്ഥാനത്തെ ഒരു പ്രത്യേക സ്‌ക്വാഡിന്റേയും അന്വേഷണം ഇനി ഈ കേസിൽ ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
English Summary: pinarayi vijayan says no special investigation needed in vandana das case
You may also like this video