Site iconSite icon Janayugom Online

കൈത ചക്കയ്ക്ക് വിലയുണ്ടെങ്കിലും പ്രയോജനം ലഭിക്കാതെ കർഷകർ

pine applepine apple

കൈതച്ചക്കയ്ക്ക് സാമാന്യം ഭേദപ്പെട്ട വില ലഭിക്കുമ്പോഴും അതിന്റെ പ്രയോജനം ലഭിക്കാതെ കർഷകർ. വിപണിയിൽ നല്ലയിനം കൈതച്ചക്കക്ക് 40 രൂപക്ക് മുകളിൽ വില ലഭിക്കുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനം മൂലം കൈതച്ചക്കയുടെ ഉല്പാദനം കുറഞ്ഞതാണ് വില വർധനവിന് കാരണം. ഇത്തവണത്തെ വേനൽ കടുത്തതാണ് ഉല്പാദനം കുറയാൻ കാരണമെന്ന് കർഷകർ പറയുന്നു. ഉല്പാദനം കുറഞ്ഞതോടെ കൈതച്ചക്കയുടെ വിലയിൽ വിർധന ഉണ്ടായെങ്കിലും വില വർധനയുടെ പ്രയോജനം കർഷകന് ലഭിക്കാതെ പോകുന്നു. വെയിലും മഴയും മാറിമാറി വരുന്നതുകൊണ്ട് കൈതച്ചക്ക പെട്ടെന്ന് പഴുത്തുപോകുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം മഴയായതുകൊണ്ട് വ്യാപാരം നടക്കുന്നില്ല. കൂടാതെ കടുത്ത വേനലിൽ കൈതച്ചെടി വാടിപ്പോകുന്നതിനും കാരണമായി. കടുത്ത ചൂട് അനുഭവപ്പെട്ടതോടെ പാകമായ കൈതച്ചക്കയ്ക്ക് തൂക്കക്കുറവും അനുഭവപ്പെട്ടു.
കൈതച്ചക്കക്ക് ഭേദപ്പെട്ട വില ലഭിക്കുന്നുണ്ടെങ്കിലും കോവിഡ് കാലത്തുണ്ടായ വിലയിടിവിൽനിന്ന് കർഷകർക്ക് മോചിതനാകാനുള്ള വിലവർധന ഉണ്ടായിട്ടില്ലെന്നും കർഷകർ പറയുന്നു. അതേസമയം, ഇപ്പോൾ കാർഷിക മേഖലയിൽ കൈതയുൾപ്പെടെയുള്ള കൃഷികൾക്ക് വളം ഇടേണ്ട സമയമാണ്. എന്നാൽ വിപണിയിൽ വളം കിട്ടാനില്ലെന്നും കർഷകർ പറയുന്നു.
മാർച്ച്, ഏപ്രിൽ മാസത്തിൽ പെയ്യുന്ന ഇടമഴയ്ക്ക് കൈത, വാഴ, കപ്പ, റബർ എന്നിവക്ക് വളമിടേണ്ട സമയമാണ്. യൂറിയ, പൊട്ടാഷ് കിട്ടാനില്ല. പുതിയതായി വളം എത്തുന്നില്ലെന്ന് കർഷകർ പറയുന്നു. കൂട്ടുവളം ഒന്നും വരുന്നില്ല. കൂടാതെ വളത്തിന് മുൻപത്തെക്കാൾ വിലയും ഉയർന്നു. ഫാക്ടംഫോസിന് 1490 രൂപയാണ് പുതിയ വില. ഘട്ടം ഘട്ടമായാണ് ഫാക്ടംഫോസിന്റെ വിലയിൽ വർധന ഉണ്ടായതെന്ന് കർഷകർ പറയുന്നു. മൂന്നു മാസം മുൻപ് ഫാക്ടംഫോസിന് 1390 രൂപയായിരുന്നു. പൊട്ടാഷ് 1000 രൂപയിൽ നിന്ന് 1700 ൽ എത്തിയിരിക്കുന്നു. പൊട്ടാഷിന്റെ വില 2000 രൂപവരെ എത്തുമെന്ന് കർഷകർ പറയുന്നു.

Eng­lish Sum­ma­ry: Pine apple is expen­sive but farm­ers do not get the benefit

You may like this video also

Exit mobile version