ശ്രീലങ്കയ്ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലും വിജയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യ. രണ്ടാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ 238 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 446 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക മൂന്നാം ദിനത്തില്‍ 208 റണ്‍സിന് ഓള്‍ ഔട്ടായി. ലങ്കയ്ക്കായി ക്യാപ്റ്റന്‍ ദിമുത് കരുണരത്ന സെഞ്ചുറി നേടി. 174 പന്തില്‍ 15 ഫോറിന്റെ സഹായത്തോടെ 107 റണ്‍സാണ് കരുണരത്ന അടിച്ചെടുത്തത്. 54 റണ്‍സോടെ കുശാല്‍ മെന്‍ഡിസ് പിന്തുണ നല്‍കി. നാല് വിക്കറ്റെടുത്ത ആര്‍ അശ്വിനും മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുമാണ് ലങ്കയുടെ നട്ടെല്ലൊടിച്ചത്. ഇതോടെ രണ്ടിന്നിങ്‌സിലുമായി ബുംറ എട്ടു വിക്കറ്റ് സ്വന്തമാക്കി. കളിയിലെ താരമായി ശ്രേയസ് അയ്യരെയും ടൂര്‍ണമെന്റിലെ താരമായി റിഷഭ് പന്തിനെയും തിരഞ്ഞെടുത്തു.
കുശാൽ മെൻഡിസ് 60 പന്തിൽ എട്ടു ഫോറുകൾ സഹിതം 54 റൺസെടുത്തു. ഇവർക്കു പുറമേ ശ്രീലങ്കൻ നിരയിൽ രണ്ടക്കം കണ്ടത് നിരോഷൻ ഡിക്‌വല്ല മാത്രം. 39 പന്തിൽ 12 റൺസായിരുന്നു സമ്പാദ്യം. ലഹിരു തിരിമാന്നെ (0), എയ്ഞ്ചലോ മാത്യൂസ് (1), ധനഞ്ജയ ഡിസിൽവ (4), ചാരിത് അസാലങ്ക (5), ലസിത് എംബുൽദെനിയ (2), സുരംഗ ലക്മൽ (1), വിശ്വ ഫെർണാണ്ടോ (2) എന്നിവരെല്ലാം നിരാശപ്പെടുത്തി.
കളിയുടെ മൂന്നാം ദിനമായ തിങ്കളാഴ്ച മികച്ച തുടക്കമിട്ട ശേഷമാണ് ലങ്ക തകര്‍ന്നത്. അര്‍ധ സെഞ്ചുറി നേടിയ കുശാല്‍ മെന്‍ഡിസും ദിമുത് കരുണരത്നയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 97 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മെന്‍ഡിസിനെ പുറത്താക്കി അശ്വിന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. ക്രീസ് വിട്ടിറങ്ങി ആക്രമിക്കാനുള്ള ശ്രമത്തില്‍ പന്ത് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ പരിചയസമ്പന്നനായ എയ്ഞ്ചലോ മാത്യൂസും മടങ്ങി. ജഡേജയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ധനഞ്ജയയെ അശ്വിന്‍ ഷോര്‍ട്ട് ലെഗില്‍ ഹനുമ വിരാഹിയുടെ കൈകളിലെത്തിച്ചു. ആദ്യ ഇന്നിങ്സില്‍ ശ്രീലങ്കയെ 109 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ഒന്നാമിന്നിങ്സില്‍ 143 റണ്‍സിന്റെ നിര്‍ണായക ലീഡ് നേടിയിരുന്നു. ശ്രീലങ്ക 35.5 ഓവറിലാണ് പുറത്തായത്.
English Summary:Pink Ball Test; india won the match aganist srilanka
You may also like this video