Site iconSite icon Janayugom Online

ഇന്ത്യ‑യുഎസ് ഉഭയകക്ഷി വ്യാപാര കരാർ നവംബറോടെ; യൂറോപ്യൻ യൂണിയനുമായി ചർച്ച പുരോഗമിക്കുന്നുവെന്ന് പീയൂഷ് ഗോയൽ

ഇന്ത്യ ‑യുഎസ് ബന്ധം പഴയപടിയാവുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. ട്രംപ് ഭരണകൂടം ഇന്ത്യയിൽ 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് വർദ്ധിച്ചുവരുന്ന വ്യാപാര സംഘർഷങ്ങൾക്കിടയിലാണ് മന്ത്രിയുടെ പ്രതികരണം.

‘കാര്യങ്ങൾ ഉടൻ പഴയപടിയാവുമെന്നാണ് പ്രതീക്ഷ. ​ഫെബ്രുവരിൽ നടന്ന ഉഭയകക്ഷി ചർച്ചകളിൽ ഉരുത്തിരിഞ്ഞത് പോലെ, നവംബറോടെ ഒരു ഉഭയകക്ഷി വ്യാപാര കരാർ രൂപീകരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

ആഗോള നിക്ഷേപക സമ്മേളനം 2025ൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഉഭയകക്ഷി വ്യാപാര കരാറുമായി ബന്ധപ്പെട്ട അടുത്ത ഘട്ട ചർച്ച ഓഗസ്റ്റ് 25ന് ഡൽഹിയിൽ നടക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ യുഎസ് പ്രതിനിധികൾ ഇന്ത്യ സന്ദർശനം മാറ്റിവച്ചതോടെ പുതുക്കിയ തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കുമേൽ ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവ പിൻവലിക്കുന്നതടക്കം നടപടികൾ ചർച്ചകൾ തുടരുന്നതിൽ നിർണായകമാണെന്ന് ഇന്ത്യൻ അധികൃതരും വ്യക്തമാക്കുന്നു.

വ്യാപാര മേഖലയിൽ ലോകമെമ്പാടും അസ്ഥിരത നിറഞ്ഞ ഒരു സമയമാണിതെന്ന് ഗോയൽ പറഞ്ഞു. എങ്കിലും നിലവിലെ സാഹചര്യങ്ങൾ വ്യാപാര മേഖലയിൽ പുതിയ ഒട്ടനവധി അവസരങ്ങൾ തുറന്നിടുന്നുണ്ട്.
‘ആഗോളതലത്തിൽ വ്യാപാരമേഖല അസ്ഥിര സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഭാവിയെ കുറിച്ച് ഭയം നിറഞ്ഞ, അസ്ഥിരമായ ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്’, അദ്ദേഹം പറഞ്ഞു. സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ ജാഗരൂകമാണെന്നും പിയൂഷ് ഗോയൽ പറഞ്ഞു.

Exit mobile version