Site iconSite icon Janayugom Online

ആകാശ സ്വപ്നങ്ങൾ ചിറകുവിടര്‍ത്തി; ഇടുക്കിയില്‍ വിമാനമിറങ്ങി

സത്രം എയർസ്ട്രിപ്പിൽ വൈറസ് എസ് ഡബ്ല്യു- 80 ഡബ്ല്യു 3434 ചെറുവിമാനം ലാൻഡ് ചെയ്യുന്നു.

ഇടുക്കിയുടെ ആകാശ സ്വപ്നങ്ങൾക്ക് ചിറകു നൽകി വണ്ടിപ്പെരിയാര്‍ സത്രം എയർസ്ട്രിപ്പ് റൺവേയിൽ ചെറുവിമാനം പറന്നിറങ്ങി. എൻസിസിയുടെ രണ്ട് സീറ്റുള്ള വൈറസ് എസ് ഡബ്ല്യു- 80 വിമാനമാണ് സത്രം എയർസ്ട്രിപ്പിൽ ഇന്നലെ പറന്നിറങ്ങിയത്. വൺ കേരള എയർ സ്ക്വാഡ്രൻ തിരുവനന്തപുരം കമാന്റിംഗ് ഓഫിസർ എ ജി ശ്രീനിവാസനായിരുന്നു ട്രയൽ ലാൻഡിങിന്റെ മെയിൻ പൈലറ്റ്. ത്രീ കേരള എയർ സ്ക്വാഡ്രൻ കൊച്ചി ഗ്രൂപ്പ് ക്യാപ്റ്റൻ ഉദയ രവിയായിരുന്നു കോ പൈലറ്റ്. ഇരുവരെയും വാഴൂർ സോമൻ എംഎൽഎ ഹാരമണിയിച്ച് അനുമോദിച്ചു. 

എല്‍ഡിഎഫ് സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നേതൃത്വത്തിൽ മൈക്രോ ലൈറ്റ് എയർ ക്രാഫ്റ്റ് വിമാനങ്ങൾക്ക് ഇറങ്ങാവുന്ന എയർസ്ട്രിപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 650 മീറ്റർ നീളമുള്ള റൺവേയുടെ നിർമ്മാണം, നാല് ചെറു വിമാനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഹാംഗറിന്റെ നിർമ്മാണം, താമസ സൗകര്യം ഉൾപ്പെടെ 50 വിദ്യാർഥികൾക്കുള്ള പരിശീലന സൗകര്യം എന്നിവ ഇതിനകം പൂർത്തിയായിട്ടുണ്ട്. 

എൻസിസി കേഡറ്റുകൾക്ക് സൗജന്യമായി ഫ്ളൈയിംഗ് പരിശീലനം നൽകലാണ് എയർസ്ട്രിപ്പിലൂടെ ലക്ഷ്യമിടുന്നതെങ്കിലും അടിയന്തര സാഹചര്യങ്ങളിൽ ജില്ലയ്ക്ക് എയർസ്ട്രിപ്പ് സഹായകരമാകും. എയർഫോഴ്സ് വിമാനങ്ങളും വലിയ ഹെലികോപ്ടറുകളും അടിയന്തര സാഹചര്യങ്ങളിൽ ഇവിടെ ഇറക്കാനാകും. മുമ്പ് എയർസ്ട്രിപ്പിൽ ചെറുവിമാനം ഇറക്കാൻ രണ്ടുതവണ ശ്രമിച്ചിരുന്നു. എന്നാൽ സമീപത്തുള്ള മൺത്തിട്ട കാരണം ലാൻഡിങിന് കഴിഞ്ഞിരുന്നില്ല. തടസ്സം നീക്കം ചെയ്യുന്ന ജോലികൾ വേഗത്തിലാക്കിയാണ് മൂന്നാം തവണ വിജയകരമായി വിമാനം ഇറക്കിയത്. 

Eng­lish Summary:plane land­ed at Idukki
You may also like this video

Exit mobile version