Site iconSite icon Janayugom Online

ബിഹാറില്‍ ആസൂത്രിത നീക്കം; 80,000 മുസ്ലിം വോട്ടുകള്‍ നീക്കാന്‍ ബിജെപി ശ്രമം പുറത്ത്

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിഹാറില്‍ 80,000 മുസ്ലിം വോട്ടുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ പുറത്ത്. ഈസ്റ്റ് ചംബാരന്‍ ജില്ലയിലെ ധക്ക നിയമസഭാ മണ്ഡലത്തിലെ എംഎല്‍എ പവന്‍ കുമാര്‍ ജയ്സ്വാള്‍ ഇതു സംബന്ധിച്ച് തെരഞ്ഞടുപ്പ് കമ്മിഷന് ഔദ്യോഗിക ലെറ്റര്‍ പാഡില്‍ കത്തയച്ചിരുന്നു, ബിജെപി സംസ്ഥാന ഘടകവും ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് കത്തുനല്‍കിയതായി റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് റിപ്പോര്‍ട്ട് ചെയ്തു. ബിജെപിയുടെ നിരവധി ബിഎല്‍ഒമാരും ഇതേരീതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ മുസ്ലിം വോട്ടര്‍മാര്‍ ഇന്ത്യന്‍ പൗരന്മാരല്ലെന്നാണ് ഇരു കത്തുകളിലുമുള്ള ആരോപണം. ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കാണ് പരാതികള്‍ സമര്‍പ്പിച്ചത്. ധക്ക മണ്ഡലത്തിലെ മുസ്ലിം വോട്ടർമാരെ കൂട്ടത്തോടെ ഇല്ലാതാക്കാനുമുള്ള ആസൂത്രിതമായ ശ്രമമാണ് ബിജെപിയുടേതെന്നാണ് വിലയിരുത്തല്‍. കിഴക്കൻ ചമ്പാരൻ ജില്ലയിലെ അതിർത്തി മണ്ഡലമായ ധക്കയില്‍ 2020ല്‍ ബിജെപി വിജയിച്ചുവെങ്കിലും ഭൂരിപക്ഷം 10,114 വോട്ടുകളാണ്. ഇത്തവണ മണ്ഡലം നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് മുസ്ലിം വോട്ടര്‍മാരെ നീക്കം ചെയ്യാനുള്ള നീക്കം. 

ഒക്ടോബര്‍ ഒന്നിന് അന്തിമ വോട്ടര്‍ പട്ടിക പുറത്തുവിടുമ്പോള്‍ മാത്രമേ ബിജെപിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലം കൃത്യമായി അറിയാനാവൂ. തീവ്ര പ്രത്യേക വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്ഐആര്‍) വഴി 65 ലക്ഷത്തോളം വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത നടപടിക്കെതിരായ ഹര്‍ജി നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ജൂണ്‍ 25നും ജൂലൈ 24നുമിടയിലാണ് ധക്കയില്‍ വോട്ടര്‍ പട്ടികയില്‍ ‘തീവ്ര പരിഷ്കരണം’ നടപ്പാക്കിയത്. പുതുതായി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ 30 ദിവസമാണ് ലഭിച്ചത്. പൗരത്വ രേഖകളും മറ്റും വച്ചായിരുന്നു അപേക്ഷ നല്‍കേണ്ടിയിരുന്നത്. എന്നാല്‍, ഫോമുകളില്‍ പേര് മാത്രം എഴുതിയാല്‍ മതിയെന്നും രേഖകള്‍ പിന്നീട് നല്‍കിയാല്‍ മതിയെന്നും നിര്‍ദേശം വന്നു. ജൂലൈ 31ന് തീവ്രപരിഷ്കരണത്തിന്റെ ആദ്യഘട്ടം അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കരട് വോട്ടര്‍ പട്ടിക പുറത്തിറക്കി. 

കരട് വോട്ടര്‍ പട്ടിക പരിശോധിച്ച് തിരുത്തലുകളും മറ്റും നടത്താനുള്ളതായിരുന്നു അടുത്ത ഒരുമാസം. മണ്ഡലത്തിലെ ഒരു വോട്ടര്‍ക്ക് മറ്റൊരു വോട്ടറുടെ പേരുവെട്ടാന്‍ ഫോം-7 വഴി അപേക്ഷ നല്‍കാന്‍ നിയമം അവകാശം നല്‍കുന്നുണ്ട്. ഓഗസ്റ്റ് 19 ഓടെ ബിജെപിയുടെ ബിഎല്‍എമാര്‍ പേരുകള്‍ വെട്ടാനുള്ള അപേക്ഷകള്‍ നല്‍കി തുടങ്ങി. ബിജെപിയുടെ ഒരു ഏജന്റായ ശിവ് കുമാര്‍ ചൗരസ്യ ദിവസം പത്ത് പേരുകള്‍ വീതം വെട്ടാന്‍ അപേക്ഷകള്‍ നല്‍കി. അതെല്ലാം മുസ്ലിങ്ങളുടേതായിരുന്നു. ഒരാളുടെ പേരു നീക്കണമെങ്കില്‍ കാരണം പറയണമെന്നാണ് വ്യവസ്ഥയെങ്കിലും എന്തുകാരണം കൊണ്ടാണ് പേരു വെട്ടേണ്ടതെന്ന് ഒരു ബിഎല്‍എമാരും രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Exit mobile version