Site icon Janayugom Online

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ പദ്ധതിയിട്ടു: പേര് എഴുതി പിന്നീട് ചേര്‍ത്തത്, ഗണേഷ് കുമാറിന് പങ്ക്

വിവാദ സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗണേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന് സിബിഐ. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തമാക്കിയുള്ള റിപ്പോർട്ടിലാണ് സിബിഐ ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കെ ബി ഗണേഷ് കുമാർ, ശരണ്യ മനോജ് എന്നിവർക്കു പുറമേ വിവാദ ദല്ലാള്‍ നന്ദകുമാർ എന്നിവർ ചേർന്ന് ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയതായി സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരിയെഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും ഇത് പിന്നീട് എഴുതി ചേർത്തതാണെന്നും സിബിഐ കണ്ടെത്തി. പരാതിക്കാരി ജയിലിൽ കിടന്ന സമയത്താണ് വിവാദങ്ങൾക്ക് വഴിവച്ച കത്ത് പുറത്തു വരുന്നത്. കത്ത് സഹായിയെ വിട്ട് ഗണേഷ് കുമാർ കൈവശപ്പെടുത്തി എന്നും സിബിഐ പറയുന്നു.

ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പരാതിക്കാരിയുടെ ആദ്യ കത്തിനു പുറമേ അവർ പലപ്പോഴായി രാഷ്ട്രീയ നേതാക്കളുടെ പേര് കൂട്ടിച്ചേർക്കുന്നതിനായി തയാറാക്കിയ 4 കത്തുകളും സിബിഐ തെളിവായി ശേഖരിച്ചിരുന്നു. പീഡനക്കേസിൽ സാക്ഷി പറയാൻ പരാതിക്കാരി പിസി ജോർജിനോട് ആവശ്യപ്പെട്ടു. എന്നാൽ പി സി ജോർജ് ഉമ്മൻചാണ്ടിക്കെതിരേ മൊഴി നൽകിയില്ലെന്നും സിബിഐ റിപ്പോർട്ടിൽ വ്യക്തമാവുന്നു. ‌പീഡന കേസുമായി മുന്നോട്ടു പോവാൻ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാളാണ്.

കേസില്‍ സിബിഐ അന്വേഷണത്തിന് നീക്കം നടത്തിയതും വിവാദ ദല്ലാള്‍ ആയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് കേസ് സിബിഐക്ക് വിടുന്നത് ലക്ഷ്യമിട്ടായിരുന്നു നീക്കം. ക്ലിഫ്ഹൗസില്‍വച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Sum­ma­ry: Planned to trap Oom­men Chandy in solar case

you may also like this video

Exit mobile version