Site iconSite icon Janayugom Online

പബ്ജി കളിക്കുന്നത് ചോദ്യം ചെയ്തു; യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ജോലിക്ക് പോകാതെ മണിക്കൂറുകളോളം പബ്ജി ഗെയിം കളിച്ചിരിക്കുന്നത് ചോദ്യം ചെയ്തതിലുള്ള ദേഷ്യത്തിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് ഈ ദാരുണ സംഭവം നടന്നത്. ഗെയിമിനോട് കടുത്ത ആസക്തിയുണ്ടായിരുന്ന രഞ്ജിത്ത് പട്ടേൽ, ശനിയാഴ്ച രാത്രി ഭാര്യയെ തുണികൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇരുവരും വിവാഹിതരായിട്ട് ആറ് മാസമേ ആയിട്ടുള്ളൂ. മണിക്കൂറുകളോളം ഗെയിം കളിക്കുന്നതിനെ ചൊല്ലി ദമ്പതികൾക്കിടയിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നെന്നും, ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

കൊലപാതകത്തിന് ശേഷം രഞ്ജിത്ത് പട്ടേൽ ഭാര്യ നേഹയുടെ സഹോദരനെ വിളിച്ച്, നേഹ കൊല്ലപ്പെട്ടെന്നും മൃതദേഹം എത്രയും പെട്ടെന്ന് കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടു. വിവരമറിഞ്ഞെത്തിയ ബന്ധുക്കളാണ് നേഹയുടെ ചേതനയറ്റ ശരീരം കണ്ടതും പോലീസിൽ വിവരമറിയിച്ചതും. സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതായും കേസ് രജിസ്റ്റർ ചെയ്തതായും ഡി എസ് പി ഉദ്ദിത് മിശ്ര അറിയിച്ചു. “വീട്ടിനകത്ത് കഴുത്ത് ഞെരിക്കപ്പെട്ട നിലയിലാണ് ഞങ്ങൾ മൃതദേഹം കണ്ടെത്തിയത്. പബ്ജി ഗെയിമിനോടുള്ള ആസക്തി ചോദ്യം ചെയ്തതിലുള്ള അരിശമാണ് കൊലപാതക കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. എത്രയും വേഗം പ്രതിയുടെ മൊഴി രേഖപ്പെടുത്തും,” പൊലീസ് അറിയിച്ചു. കേസിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Exit mobile version