ദയവായി ഞങ്ങളെ വിശ്വസിക്കൂ.കൊല്‍ക്കത്തയില്‍ ഡോക്ടറെ ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രാജ്യവ്യാപക പ്രതിഷേധം നടത്തുന്ന ഡോക്ടര്‍മാരോട് തിരികെ ജോലിയില്‍ പ്രവേശിക്കാനും സുപ്രീംകോടതി അഭ്യര്‍ത്ഥിച്ചു.
ഇത്തരത്തില്‍ ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് സമൂഹത്തില്‍ വൈദ്യ സഹായം ആവശ്യമുള്ള വിഭാഗങ്ങളെ സാരമായി ബാധിക്കുമെന്നും കോടതി പറഞ്ഞു.
”എല്ലാ ഡോക്ടര്‍മാരോടും ആത്മാര്‍ത്ഥമായി ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്,അവരുടെ സുരക്ഷയും സംരക്ഷണവും രാജ്യാന്തര വിഷയമായി പരിഗണിച്ച് ഉറപ്പാക്കാന്‍ ഞങ്ങള്‍ ഇവിടെയുണ്ട്.അതിനാലാണ് ഈ വിഷയം ഞങ്ങള്‍ ഹൈക്കോടതിയിലേക്ക് വിടാത്തത്.ദയവ് ചെയ്ത് ഞങ്ങളെ വിശ്വസിക്കൂ.ഇത് കേവലമൊരു ഗുരുതരമായ കുറ്റകൃത്യം മാത്രമല്ല,മറിച്ച് ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളെ മൊത്തത്തില്‍ ബാധിക്കുന്ന കാര്യമായി ഞങ്ങള്‍ക്ക് തോന്നി.അതിനാല്‍ സുപ്രീംകോടതി വിഷയം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് ചൂണ്ടിക്കാട്ടി.
ഡോക്ടറിന്റെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തില്‍ സ്വമേധയാ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.
സുപ്രീംകോടതിയുടെ ഇടപെടലിനെ ദ ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ സ്വാഗതം ചെയ്തു.മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ താല്പ്പര്യങ്ങളെ സംരക്ഷിക്കാന്‍ കോടതിയുടെ ഇടപെടല്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു.