Site iconSite icon Janayugom Online

ഡെങ്കിപ്പനി; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യം നിലവില്‍ ഉണ്ടെന്നും പനിബാധിതര്‍ ചുവടെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരി (ആരോഗ്യം) അറിയിച്ചു. പനിയോടൊപ്പമോ അതിനുശേഷമോ അപകട സൂചനകള്‍ ഉണ്ടാകുന്നുവെങ്കില്‍ എത്രയുംവേഗം വിദഗ്ദ്ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയില്‍ എത്തിച്ച് ചികിത്സ എടുക്കുക.

അപകട സൂചനകള്‍

തുടര്‍ച്ചയായ ഛര്‍ദ്ദി, വയറിളക്കം, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടല്‍, ശരീരം ചുവന്നു തടിക്കല്‍, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുളള തളര്‍ച്ച, ശ്വസിക്കുവാന്‍ പ്രയാസം, രക്ത സമ്മര്‍ദ്ദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളില്‍ തുര്‍ച്ചയായ കരച്ചില്‍.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രോഗബാധിതര്‍ സമ്പൂര്‍ണ്ണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്ന് നാല് ദിവസം കൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെളളം, കരിക്കിന്‍ വെളളം, പഴച്ചാറുകള്‍, മറ്റു പാനീയങ്ങള്‍ എന്നിവ ധാരാളം കുടിക്കണം. പകല്‍ സമയം വിശ്രമിക്കുന്നതിനും, ഉറങ്ങുന്നതും കൊതുകു വലയ്ക്കുളളില്‍ ആയിരിക്കണം.
ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ മരുന്നുകള്‍ വാങ്ങി കഴിക്കരുത്
പ്രായാധിക്യമുളളവര്‍, ഒരു വയസിന് താഴെപ്രായമുളള കുഞ്ഞുങ്ങള്‍, പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദ്രോഗം, അര്‍ബുദം മുതലായ രോഗങ്ങളുളളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് ഡെങ്കിപ്പനിയെ തുടര്‍ന്നുളള പ്രശ്ന സാധ്യതകള്‍ കൂടുതലാണ്. കൊതുകു നശീകരണത്തിലൂടെയും കൂത്താടി നശീകരണത്തിലൂടെയും മാത്രമേ ഡെങ്കിപ്പനിയെ നിയന്ത്രിക്കാന്‍ സാധിക്കൂ. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശം അനുസരിച്ചുളള കൊതുക്, കൂത്താടി നശീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സഹകരിക്കുക.

Eng­lish Sum­ma­ry: Please note these things; dengue fever

You may also like this video

Exit mobile version