Site iconSite icon Janayugom Online

പ്ലസ് വൺ വിദ്യാർഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

തിരുവാണിയൂരിൽ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ സ്വദേശിയായ സുഹൃത്ത് അപകടത്തിൽ മരിച്ചെന്ന വിവരമറിഞ്ഞതിലുള്ള കടുത്ത വിഷമമാണ് കത്തിലുള്ളതെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. സംഭവത്തിൽ ചോറ്റാനിക്കര പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

നാല് പേജുള്ള കുറിപ്പാണ് പൊലീസിന് ലഭിച്ചത്. സുഹൃത്തിന്റെ മരണവാർത്ത സഹിക്കാൻ കഴിയുന്നില്ലെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കുന്നുവെന്നുമാണ് കത്തിൽ പറയുന്നത്. എന്നാൽ, പെൺകുട്ടിയുടെ ഫോൺ ലോക്ക് ചെയ്ത നിലയിലായതിനാൽ അത് പരിശോധിച്ച് വിവരങ്ങൾ സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇൻസ്റ്റാഗ്രാം ചാറ്റുകളും മറ്റ് ഡിജിറ്റൽ തെളിവുകളും പരിശോധിച്ച ശേഷമേ കത്തിൽ പറയുന്ന കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരികയുള്ളൂ.

തിരുവാണിയൂർ കക്കാട് സ്വദേശിനിയും ചോറ്റാനിക്കര ഗവൺമെന്റ് വി എച്ച് എസ് ഇയിലെ വിദ്യാർത്ഥിനിയുമായ പതിനാറുകാരിയെയാണ് വീടിനടുത്തുള്ള പാറമടയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ സ്കൂളിലേക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു പെൺകുട്ടി. ഏകദേശം 400 അടിയോളം ആഴമുള്ള പാറമടയുടെ കരയിൽ കുട്ടിയുടെ ബാഗും പുസ്തകങ്ങളും ലഞ്ച് ബോക്സും കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കളുടെ ഏക മകളാണ് മരിച്ച വിദ്യാർത്ഥിനി.

Exit mobile version