Site iconSite icon Janayugom Online

പി എം കെയേഴ്സ് ഫണ്ട്: 2913 കോടി പൊതുമേഖലയുടേത്

വിവാദമായ പിഎം കെയേഴ്സ് ഫണ്ടിലേയ്ക്ക് 59.3 ശതമാനം തുകയും നല്കിയത് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍.
സര്‍ക്കാരില്‍ നിന്ന് പിഎം കെയേഴ്സിലേക്ക് പണം സ്വീകരിക്കുന്നില്ല എന്ന് ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മോഡി സര്‍ക്കാര്‍ നടത്തിയ അവകാശവാദത്തിന് വിരുദ്ധമാണ് പുതിയ റിപ്പോര്‍ട്ട്. 2019 മുതല്‍ 2022 വരെയുള്ള കാലഘട്ടത്തില്‍ 2913.6 കോടി രൂപ പൊതുമേഖലാ സ്ഥാപനങ്ങള്‍ പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.
ഒഎന്‍ജിസി 370 കോടി, എന്‍ടിപിസി 330കോടി, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ 275 കോടി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 265 കോടി, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ 222.4 കോടി എന്നിങ്ങനെയാണ് പദ്ധതി ഫണ്ടിലേക്ക് തുക കൈമാറിയത്. ആകെ 57 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സാമൂഹിക പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും പിഎം കെയേഴ്സിലേക്ക് നല്കി. 

2020 ല്‍ പിഎം കെയേഴ്സ് ഫണ്ട് ആരംഭിച്ച നാള്‍ മുതല്‍ ധനവിനിയോഗത്തില്‍ സൂതാര്യത ഇല്ലെന്നുള്ള ആരോപണങ്ങളെത്തുടര്‍ന്ന് വിവാദത്തിലായിരുന്നു. പ്രധാനമന്ത്രി ചെയര്‍മാനും ആഭ്യന്തര, പ്രതിരോധ, ധന മന്ത്രിമാര്‍ ട്രസ്റ്റികളുമായിട്ടാണ് ചാരിറ്റബിള്‍ ട്രസ്റ്റ് നിയമപ്രകാരം രൂപീകരിച്ച പിഎം കെയേഴ്സ് പദ്ധതിയുടെ പ്രവര്‍ത്തനം. സര്‍ക്കാരിന് പിഎം കെയേഴ്സിന്റെ നിയന്ത്രണത്തില്‍ ഒരു പങ്കുമില്ല. ഫണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരാവകാശത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. 2020 ല്‍ ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലും സര്‍ക്കാര്‍ പിഎം കെയേഴ്സിലേക്ക് സംഭാവന നല്‍കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. 

സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഫയല്‍ ചെയ്ത വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രൈംഇന്‍ഫോബേസ്.കോം എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിലേറെയും പിഎം കെയേഴ്സിലേക്ക് കൈമാറുകയാണ് ഉണ്ടായിരിക്കുന്നത്. അടുത്തിടെ പുറത്തിറക്കിയ പുതിയ ചട്ടങ്ങള്‍ പ്രകാരം സിഎസ്ആര്‍ ഫണ്ട് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിന് കമ്പനികള്‍ക്ക് മേല്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പിഎം കെയേഴ്സ് ഫണ്ട് വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം 2019–20 ല്‍ 3,076.6 കോടിയായിരുന്നു ലഭിച്ച സംഭാവന. 2020–21 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 10,990.2 കോടിയായി കുതിച്ചുയര്‍ന്നു. 2021–22 സാമ്പത്തികവര്‍ഷത്തില്‍ 9,131.9 കോടിയാണ് പിഎം കെയേഴ്സിന് ലഭിച്ച സംഭാവന. 

Eng­lish Sum­ma­ry: PM CARES Fund: 2913 crores from pub­lic sector

You may also like this video

Exit mobile version