Site iconSite icon Janayugom Online

ഭീകരര്‍ക്ക് ശക്തമായ ശിക്ഷ നല്‍കുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി മോഡി

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കുമെന്നും ഭീകര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്നും ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. പ്രതിവാര റേഡിയോ സംഭാഷണ പരിപാടിയായ മന്‍കീ ബാത്തില്‍ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് പരാമര്‍ശിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം ആവര്‍ത്തിച്ചത്. ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടാണെന്നും ലോകരാജ്യങ്ങളുടെയെല്ലാം പിന്തുണ ഇന്ത്യക്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.പല ലോകനേതാക്കളും എന്നെ ഫോണില്‍ ബന്ധപ്പെട്ടു, ചിലര്‍ കത്തെഴുതി, സന്ദേശങ്ങള്‍ അയച്ചു.

പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തി, പിന്തുണ അറിയിച്ചു. ഭീകരവാദത്തിനെതിരെ പോരാടാന്‍ 140 കോടി ഇന്ത്യന്‍ ജനങ്ങള്‍ക്കൊപ്പം ഈ ലോകം മുഴുവന്‍ കൂടെയുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഞാന്‍ വീണ്ടും ഉറപ്പ് നല്‍കുകയാണ്, അവര്‍ക്ക് നീതി ലഭിക്കും. ഈ ആക്രമണത്തിന് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവര്‍ക്ക് പരുഷമായ രീതിയിലുള്ള മറുപടി തന്നെ ലഭിക്കും, പ്രധാനമന്ത്രി പറഞ്ഞു.

കശ്മീരില്‍ സമാധാനവും വികസനവും തിരികെ എത്തിയ സമയത്താണ് ആക്രമണം നടന്നത്. സ്‌കൂളുകളും കോളേജുകളും സാധാരണഗതിയില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. വിനോദസഞ്ചാരം തിരികിയെത്തി, സഞ്ചാരികള്‍ എത്തിത്തുടങ്ങി. ജനാധിപത്യം ശക്തിപ്രാപിച്ചു. ഇതൊന്നും ഇഷ്ടപ്പെടാത്തവരാണ് ഈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അവരാണ് ഈ രാജ്യത്തിന്റെ, ജമ്മു-കശ്മീരിന്റെ യഥാര്‍ഥ ശത്രുക്കള്‍, പ്രധാനമന്ത്രി പറഞ്ഞു. 

Exit mobile version